പറന്നുയര്‍ന്ന് കോഴിവില, കുതിച്ചുചാടി മത്സ്യം

കൊണ്ടോട്ടി: ബലിപെരുന്നാളിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കോഴിയിറച്ചിക്കും മത്സ്യയിനങ്ങള്‍ക്കും വില കുതിച്ചുയരുന്നു.ട്രോളിങ് നിരോധനമാണ് മത്സ്യ വിപണിയെ ബാധിച്ചതെങ്കില്‍ ക്ഷാമമാണ് കോഴി വിപണിയില്‍ വിലക്കയറ്റത്തിന് കാരണം. കോഴിയിറച്ചി കിലോക്ക് 250 രൂപയാണ് വില. നിത്യ മാര്‍ക്കറ്റുകളില്‍ ചെറു മത്സ്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ട്രോളിങ് നിരോധനം ആരംഭിച്ചതോടെതന്നെ ജനപ്രിയ ഇനങ്ങള്‍ക്കെല്ലാം വിലയും ഉയര്‍ന്നിട്ടുണ്ട്.

 

ചെറിയ പെരുന്നാളിനോടനുബന്ധിച്ച്‌ ഉയര്‍ന്ന കോഴി വിലയില്‍ പിന്നീട് കാര്യമായ കുറവുണ്ടായിട്ടില്ല. ഏപ്രില്‍ ആദ്യവാരത്തില്‍ കിലോഗ്രാമിന് 260 രൂപയായിരുന്ന ഇറച്ചി വില ഇടക്ക് 230ലേക്ക് താഴ്‌ന്നെങ്കിലും ഇപ്പോള്‍ 250 രൂപയിലെത്തി. കോഴിക്ക് കിലോഗ്രാമിന് 170 രൂപ മുതല്‍ 180 രൂപ വരെ നല്‍കണം. റമദാന്‍ ആരംഭത്തില്‍ കോഴിയിറച്ചിക്ക് 180 രൂപയും കോഴിക്ക് 120 രൂപയും എന്ന നിലയില്‍ നിന്നാണ് വിലയുടെ കുതിച്ചുചാട്ടം. അതേസമയം, ലഗോണ്‍ കോഴി വില കിലോഗ്രാമിന് 140 രൂപ എന്ന തോതില്‍ തുടരുകയാണ്.

 

പെരുന്നാള്‍ അടുക്കുമ്ബോള്‍ വില ഇനിയും കൂടുമെന്ന് വ്യാപാരികള്‍ പറയുന്നു. ഇറച്ചിക്കോഴിക്ക് ക്ഷാമം നിലവില്‍ രൂക്ഷമാണ്. തമിഴ്‌നാട്ടിലെ ഫാമുകളില്‍നിന്ന് ഇപ്പോള്‍ കോഴി വരവ് കുറവാണ്. ഇത് നികത്താന്‍ പ്രാദേശിക ഫാമുകളില്‍ ഉല്‍പാദനവും നടക്കുന്നില്ല. തമിഴ്നാട്ടിലെ പല്ലടം, പൊള്ളാച്ചി, നീവക്കല്ല്, പഴനി തുടങ്ങിയ ഭാഗങ്ങളില്‍ നിന്നാണ് സംസ്ഥാനത്തെ മൊത്ത വിപണിയിലേക്ക് പ്രധാനമായും ഇറച്ചിക്കോഴികളെത്തുന്നത്. അവിടത്തെ ഉത്പാദക സംഘങ്ങളും വില്‍പനയിലെ ഇടത്തട്ടുകാരും ആഘോഷ വേളകളില്‍ ആസൂത്രിതമായി കൃത്രിമ ക്ഷാമവും വിലക്കയറ്റവും സൃഷ്ടിക്കുകയാണെന്ന പരാതി വ്യാപകമായുണ്ട്.

 

ജനപ്രിയ ഇനങ്ങളായ മത്തി, അയല, കോര, നത്തോലി എന്നിവക്കെല്ലാം വില കുതിച്ചുയര്‍ന്നു. മത്തിക്ക് കിലോഗ്രാമിന് 300 രൂപയും വലിപ്പമനുസരിച്ച്‌ അയലക്ക് 240 മുതല്‍ 360 രൂപവരെയുമാണ് വില. 220 രൂപയില്‍ നിന്നാണ് മത്തി വില കുതിച്ചുയര്‍ന്നത്. നത്തോലി 120 രൂപയില്‍ നിന്ന് 180ലേക്കും മാന്തള്‍ 240 രൂപയില്‍ നിന്ന് 300 രൂപയിലേക്കും എത്തി. കോരക്ക് 240 രൂപയും ചൂരക്ക് 300 രൂപയുമാണ് വിപണി വില. വഞ്ചികളില്‍ പോയി പരമ്ബരാഗത രീതിയില്‍ പിടിക്കുന്ന മത്തിയുള്‍പ്പെടെയുള്ള ചെറു മത്സ്യങ്ങള്‍ താനൂര്‍, പരപ്പനങ്ങാടി, ബേപ്പൂര്‍ തുടങ്ങിയ തീരങ്ങളില്‍നിന്ന് വിപണിയില്‍ എത്തുന്നുണ്ട്. എന്നാല്‍, ആവശ്യമായത്ര അളവില്‍ ലഭിക്കാത്തത് വിലക്കയറ്റത്തിന് ഇടയാക്കുന്നു. അയക്കൂറ, ആവോലി, നെയ്മീന്‍ തുടങ്ങിയ വലിയ മത്സ്യങ്ങള്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്. മംഗലൂരു, ഗോവ, ഗുജറാത്ത് ഭാഗങ്ങളില്‍നിന്ന് മത്സ്യമെത്തിക്കുന്നുണ്ടെങ്കിലും ഇതിന് ആവശ്യക്കാര്‍ കുറവാണ്.

Comments are closed.