ഗ്രീൻഫീൽഡ് ഹൈവേ: സ്ഥലം ഏറ്റെടുപ്പ് നടപടി പുരോഗമിക്കുന്നു, നഷ്ടപരിഹാരം ഉടൻ

അരീക്കോട്: പാലക്കാട്- കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ സ്ഥലം ഏറ്റെടുപ്പു നടപടികൾ വേഗത്തിൽ. സ്ഥലവും നിർമ്മിതികളും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം അടുത്ത മാസത്തിനകം നൽകാനുള്ള ജോലികളാണ് നടക്കുന്നത്. വീടുകൾ, മരങ്ങൾ, കാർഷിക വിളകൾ എന്നിവയുടെ വിലനിർണയം അവസാനഘട്ടത്തിലാണ്. സ്ഥലത്തിൻറെ വിലനിർണയം ഉടൻ നടക്കും. ഇതിനുവേണ്ടി 2019 മുതൽ മൂന്നു വർഷത്തെ ഭൂമി വില്പനയുടെ വിവരങ്ങൾ ചോദിച്ചുകൊണ്ട് റവന്യൂ അധികൃതർ അതത് രജിസ്ട്രാർ ഓഫീസുകളിലേക്ക് കത്തുകൾ നൽകിയിട്ടുണ്ട്.

മുഴുവൻ വിവരങ്ങളും ലഭിക്കുന്നതോടെ ഭൂമിയുടെ വില നിർണയം നടക്കും. നഷ്ടപരിഹാരം നൽകുന്നതിന് മുമ്പ് ഉടമകളുടെ രണ്ട് ഹിയറിങ് നടത്തും. ആദ്യം ഭൂമി, നിർമ്മിതികൾ എന്നിവയുടെ പ്രമാണങ്ങൾ നൽകുന്നതിനും പിന്നീട് നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങൾ അറിയിക്കുന്നതിനും. ഇതോടുകൂടി ഭൂമി സർക്കാർ ഏറ്റെടുത്തു കൊണ്ടുള്ള ത്രീഡി വിജ്ഞാപനം പുറപ്പെടുവിക്കും. ഭാഗികമായി ഏറ്റെടുക്കുന്ന വീടുകൾ താമസ യോഗ്യമല്ലെങ്കിൽ പൂർണമായ നഷ്ടപരിഹാരം നൽകുമെന്നാണ് അധികൃതർ പറയുന്നത്.

എന്നാൽ വിപണി വില നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം പല ഭൂമികൾക്കും പാതിവില പോലും ലഭിക്കാത്ത സാഹചര്യമാണെന്ന് സ്ഥലം നഷ്ടപ്പെടുന്ന ഇരകൾ പറയുന്നു. നഷ്ടപരിഹാരം ലഭിക്കാൻ അടിസ്ഥാനപരമായി വേണ്ട സമാനമായ വിലയാധാരങ്ങൾ ലഭിക്കാത്തത് പ്രശ്നങ്ങൾക്ക് കാരണമാകും. ഉയർന്ന വിപണിമൂലമുള്ള സ്ഥലങ്ങൾ പലയിടത്തും വില ലഭിക്കാൻ ആവശ്യമായ ആധാരങ്ങൾ ലഭിക്കുന്നില്ല. വിപണി വില ഉറപ്പുവരുത്താനായി മാനദണ്ഡങ്ങൾ പൂർണമായി പരസ്യപ്പെടുത്തി ആവശ്യമായ മാറ്റങ്ങൾക്ക് അധികൃതർ തയ്യാറായില്ലെങ്കിൽ സ്ഥലം നഷ്ടപ്പെടുന്നവരുടെ സാമ്പത്തികമായി തകർക്കുന്ന പദ്ധതിയായി ഗ്രീൻഫീൽഡ് ദേശീയപാത മാറുമെന്നാണ് ആക്ഷേപം.

പ്രസ്തുത ഭാരത് മാല പദ്ധതിയുടെ ഭാഗമായി അരീക്കോട് പഞ്ചായത്തിൽ നിന്നും നഷ്ടപ്പെടുന്ന ഭൂമിയുടെ വില- വിവര- അളവുകൾ ശേഖരിച്ചുകൊണ്ട് റവന്യൂ ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ച മുതൽ പരിശോധന നടത്തിവരികയാണ്. അതേസമയം ഫോറസ്റ്റ്, കൃഷി, പിഡബ്ല്യുഡി വിഭാഗം ഇതിനു മുന്നേ പരിശോധന പൂർത്തീകരിച്ചിട്ടുണ്ട്.

Comments are closed.