കിഴിശ്ശേരി: കിഴിശ്ശേരി ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ‘ഡ്രഗ്സ്, സൈബർ ക്രൈം, അധികാരികളേ, നിങ്ങളാണ് പ്രതി’ എന്ന ശീർഷകത്തിൽ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് ധർണ്ണ നടക്കുന്നതിന്റെ ഭാഗമായി കുഴിമണ്ണ പഞ്ചായത്ത് ഓഫീസിലേക്ക് ധർണ്ണ നടത്തി. എസ് എസ് എഫ് കുഴിമണ്ണ, പുളിയക്കോട് സെക്ടറുകളുടെ ആഭിമുഖ്യത്തിലാണ് ധർണ്ണ നടന്നത്.

വർദ്ധിച്ചുവരുന്ന ലഹരി സമൂഹത്തെ തെറ്റായി ബാധിക്കുകയും അസന്മാർഗിക പ്രവർത്തനങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നുവെന്നും വിദ്യാർത്ഥികളെ മാത്രം പ്രതിക്കൂട്ടിൽ നിർത്തരുതെന്നും അധികാരികളാണ് മുഖ്യപ്രതി എന്നും പരിഹാരം അനിവാര്യമാണെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.
ധർണ്ണക്കു ശേഷം പഞ്ചായത്ത് അധികാരികൾക്ക് സെക്ടർ നേതൃത്വം നിവേദനം നൽകി. ഫായിസ് ബുഖാരി എക്കാപറമ്പ് വിഷയാവതരണം നടത്തി സംസാരിച്ചു. ലഹരി ഇപ്പോൾ പലരുടെയും അജണ്ടയിലില്ലെന്നും സർവ്വ സാധാരണ പ്രതിഭാസമായി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വർദ്ധിക്കുന്ന ലഹരി വ്യാപനത്തിനെതിരെ പൊതുസമൂഹം ജാഗ്രതരാവണമെന്നും സ്നേഹം കൊണ്ട് മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ക്യാമ്പയിനിന്റെ ഭാഗമായി എസ് പി ഓഫീസ് മാർച്ച്‌ അടക്കം ഒട്ടേറെ പദ്ധതികൾ എസ് എസ് എഫ് ആസൂത്രണം ചെയ്തിട്ടുണ്ട്.

Comments are closed.