കൊച്ചി: ആഭ്യന്തര വിപണിയില്‍ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം ശക്തമായതോടെ നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ മുഖ്യ പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരായേക്കും. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെയും ഇന്ധനത്തിന്റെയും വില താഴുകയാണെങ്കിലും ഇന്ത്യയില്‍ ഭക്ഷ്യ വിലക്കയറ്റം നേരിയ ഇടവേളയ്ക്ക് ശേഷം കനത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
പഴം, പച്ചക്കറികള്‍, ധാന്യങ്ങള്‍, പഞ്ചസാര എന്നിവയ്ക്കൊപ്പം മീനിന്റെയും ഇറച്ചിയുടെയും വില ഗണ്യമായി ഉയര്‍ന്നതാണ് വെല്ലുവിളി സൃഷ്ടിക്കുന്നത്. കാലാവസ്ഥയിലുണ്ടാക്കുന്ന വ്യതിയാനവും ഉപഭോഗത്തിലെ ഉണര്‍വും രാജ്യാന്തര രംഗത്തെ സപ്ലൈ പ്രശ്നങ്ങളും ഭക്ഷ്യ വിപണിയില്‍ സമ്മര്‍ദം രൂക്ഷമാക്കുന്നു. അസംസ്കൃത എണ്ണ വില കുറഞ്ഞതിന് ആനുപാതികമായി ഇന്ത്യയില്‍ ഇന്ധന വില കുറയ്ക്കാത്തതും പ്രശ്നമാണെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നുവെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ ഏപ്രില്‍ ആദ്യവാരം നടന്ന ധനഅവലോകന യോഗത്തില്‍ പലിശ വർധന നടപടികള്‍ മരവിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിരുന്നു.
വീണ്ടും പലിശ വർധന ഭീഷണി
നിലവിലെ സാഹചര്യത്തില്‍ വിപണിയിലെ പണലഭ്യത കുറച്ച് ആഭ്യന്തര ഉപഭോഗം കുറയ്ക്കുകയല്ലാതെ മറ്റ് രക്ഷാമാര്‍ഗങ്ങളൊന്നും റിസര്‍വ് ബാങ്കിന് മുന്നിലില്ല. അതിനാല്‍ അടുത്തമാസം നടക്കുന്ന ധനഅവലോകന യോഗത്തില്‍ മുഖ്യ നിരക്കായ റിപ്പോ കാല് ശതമാനം കൂടി വർധിപ്പിക്കാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാണയപ്പെരുപ്പ ഭീഷണിയും സാമ്പത്തിക വളര്‍ച്ചയും കണക്കിലെടുത്ത് സന്തുലിത നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ പറയുന്നു. അമെരിക്കയും യൂറോപ്പും അടക്കമുള്ള മേഖലകളിലെ കേന്ദ്ര ബാങ്കുകളും പലിശ വർധന നടപടികള്‍ ശക്തമാക്കുമെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വങ്ങളും ഉത്പാദന, വിപണന രംഗത്തെ പാളിച്ചകളും കാരണം കഴിഞ്ഞ വര്‍ഷം ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ളവയുടെ വിലക്കയറ്റം അതിരൂക്ഷമായതോടെ മേയ് മാസത്തിന് ശേഷം നാണയപ്പെരുപ്പം നിയന്ത്രിക്കാനായി റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്ക് ആറ് തവണയായി 2.5 ശതമാനം വർധിപ്പിച്ചിരുന്നു. ഇതോടെ ഭവന, വാഹന, വ്യക്തിഗത, കോര്‍പ്പറേറ്റ് വായ്പകളുടെ പലിശ നിരക്കുകളും വാണിജ്യ ബാങ്കുകള്‍ കുത്തനെ ഉയര്‍ത്തി. ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിലും സമാനമായ വർധനയുണ്ടായിരുന്നു.
രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ വേഗത കുറഞ്ഞു തുടങ്ങിയാല്‍ അതിതീവ്ര പലിശ വർധന നടപടികള്‍ ഇന്ത്യയും കടുത്ത മാന്ദ്യത്തിലേക്ക് വഴുതി വീഴാന്‍ കാരണമാകുമെന്ന് വ്യവസായ, വാണിജ്യ മേഖലകളിലുള്ളവര്‍ മുന്നറിയിപ്പ് നല്കുന്നു. പലിശ നിരക്ക് ഇനിയും കുത്തനെ കൂടുന്നതോടെ ഉപഭോഗം ഇടിയാനും ഗ്രാമീണ സാമ്പത്തിക മേഖല വന്‍ തിരിച്ചടി നേരിടാനും ഇടയാക്കും.
രാജ്യാന്തര വിപണി സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്നതിനാല്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്കുന്ന ധനനയത്തിലേക്ക് റിസര്‍വ് ബാങ്ക് അതിവേഗം മാറണമെന്ന് ദുബായിലെ പ്രമുഖ നിക്ഷേപ കണ്‍സള്‍ട്ടന്റായ ടോണി ചാതേലില് പറഞ്ഞു.
Comments are closed.