ചില ലിങ്കുകള്‍ കുഴപ്പക്കാരാണ്; വാട്ട്‌സ്ആപ്പ് തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ഈ അടുത്ത കാലത്തായി ഇന്ത്യയില്‍ വാട്ട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ ഏറിയിട്ടുണ്ട്. നമ്മുടെ അജ്ഞത മുതലെടുത്താകും പലപ്പോഴും തട്ടിപ്പുകാര്‍ നമ്മളെ അവരുടെ വലയിലാക്കുക. തട്ടിപ്പിന് ഇരയായാല്‍ സമയത്ത് തന്നെ പരാതി നല്‍കണം. തട്ടിപ്പില്‍ വീഴാതിരിക്കാനുള്ള ചില മുന്‍കരുതലുകള്‍ പരിശോധിക്കാം.
ടൂ സ്റ്റെപ്പ് വെരിഫിക്കേഷന്‍ ഓണ്‍ ചെയ്യുക
ഫിഷ്ങിലൂടെ നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് നുഴഞ്ഞുകയറുന്നവര്‍ക്കെതിരെ നിങ്ങള്‍ക്ക് കവചമായി ഉപയോഗിക്കാവുന്ന ഫീച്ചറാണ് ടൂ സ്റ്റെപ്പ് വെരിഫിക്കേഷന്‍. വാട്ട്‌സ്ആപ്പ് ഓപ്ഷനുകളിലെ അക്കൗണ്ട് എന്ന വിഭാഗത്തില്‍ വരുന്ന ടൂ സ്റ്റെപ്പ് വെരിഫിക്കേഷന്‍ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ നിങ്ങള്‍ക്ക് ആറ് ഡിജിറ്റുള്ള ഒരു പിന്‍ നമ്പര്‍ നല്‍കി അക്കൗണ്ട് വെരിഫൈ ചെയ്യാവുന്നതാണ്.
സംശയം തോന്നുന്ന മെസേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുക
ചില മെസേജുകളുടെ കാര്യത്തില്‍ സംശയം ഉണ്ടെങ്കില്‍ അവയ്ക്ക് മറുപടി നല്‍കുന്നതിന് പകരം അവ ബ്ലോക്ക് ചെയ്യുകയും റിപ്പോര്‍ട്ട് ചെയ്യുകയുമാണ് വേണ്ടത്. ചാറ്റ് ബോക്‌സിന് സൈഡിലുള്ള ഓപ്ഷനുകളുടെ കൂടെയാണ് ബ്ലോക്കിനും റിപ്പോര്‍ട്ടിനുമുള്ള നിര്‍ദേശമുള്ളത്.
ലിങ്ക് ചെയ്ത ഡിവൈസുകള്‍ നിരന്തരം പരിശോധിക്കുക
വാട്ട്‌സ്ആപ്പ് ഓപ്ഷനുകളിലെ ലിങ്ക്ഡ് ഡിവൈസസ് എന്ന ഭാഗം തിരിഞ്ഞെടുത്താല്‍ ഏതൊക്കെ ഡിവൈസുകളുമായാണ് നിങ്ങളുടെ വാട്ട്‌സ്ആപ്പ് ഇപ്പോള്‍ ബന്ധപ്പെട്ടിരിക്കുന്നതെന്ന് കാണാന്‍ സാധിക്കും. സംശയം തോന്നുന്ന ഏതെങ്കിലും ഡിവൈസ് അക്കൂട്ടത്തില്‍ കാണുകയാണെങ്കില്‍ ഉടനടി ലോഗൗട്ട് ചെയ്യണം.
സംശയം തോന്നുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്
നിങ്ങള്‍ക്ക് സംശയം തോന്നുന്ന വിധത്തിലുള്ള ഒരു ലിങ്കുകളും ആരയച്ചാലും തുറന്ന് നോക്കരുത്. സംശയം തോന്നുന്ന ലിങ്കുകള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യുക.
രഹസ്യ സ്വഭാവമുള്ള വ്യക്തിഗത വിവരങ്ങള്‍ വാട്ട്‌സ്ആപ്പിലൂടെ കൈമാറരുത്
അഡീഷണല്‍ സുരക്ഷയുടെ ഭാഗമായി നിങ്ങളുടെ സെന്‍സിറ്റീവായ വ്യക്തിഗത വിവരങ്ങള്‍ അതായത് പാസ്‌വേര്‍ഡുകള്‍, ഒടിപികള്‍, പിന്‍ നമ്പരുകള്‍, ബാങ്ക് വിവരങ്ങള്‍ മുതലായവ വാട്ട്‌സ്ആപ്പിലൂടെ ആരുമായും പങ്കുവയ്ക്കാതിരിക്കുന്നതാണ് നല്ലത്.
Comments are closed.