നല്ലൊരു തുക സമ്പാദിക്കണമെങ്കിൽ അനുയോജ്യമായ ഇടത്ത് നിക്ഷേപം നടത്തേണ്ടതുണ്ട്. അധികം റിസ്കെടുക്കാതെ നിക്ഷേപം പരിഗണിക്കുന്നവർക്ക് ടൈം ഡെപ്പോസിറ്റ്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നി ജനപ്രിയ നിക്ഷേപങ്ങൾ പരിഗണിക്കാവുന്നതാണ്. പോസ്റ്റ് ഓഫീസിൽ ആരംഭിക്കാവുന്ന ഈ നിക്ഷേപങ്ങൾക്ക് മികച്ച പലിശ നിരക്കും സർക്കാർ സുരക്ഷയും ഈ നിക്ഷേപങ്ങൾക്ക് ലഭിക്കും. എന്നാൽ നിക്ഷേപ കാലയളവ് അനുസരിച്ച് ഓരോ പദ്ധതിയും ആരൊക്കെ തിരഞ്ഞെടുക്കണം എന്നത് വ്യത്യാസപ്പെടും. ഇക്കാര്യങ്ങൾ ഈ ലേഖനത്തിൽ പരിശോധിക്കാം.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് രാജ്യത്തെ ഏറ്റവും ജനപ്രീയ നിക്ഷേപങ്ങളിലൊന്നാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. പൂർണമായും നികുതി ഇളവ് ലഭിക്കുന്നു എന്നതാണ് പിപിഎഫിന്റെ ജനപ്രീതിക്ക് കാരണം. 2023-24 സാമ്പത്തിക വർഷത്തിലെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ പിപിഎഫ് പലിശ നിരക്ക് 7.1 ശതമാനമാണ്. 2020 ഏപ്രിൽ മുതൽ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.
ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഓരോ പാദത്തിലും സർക്കാർ അവലോകനം ചെയ്യാറുണ്ട്. 15 വർഷ ലോക്-ഇൻ പിരിയഡുള്ള നിക്ഷേപത്തിൽ വർഷത്തിൽ 1.50 ലക്ഷം രൂപ മാത്രമെ നിക്ഷേപിക്കാൻ സാധിക്കുകയുള്ളൂ
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ബാങ്ക് സ്ഥിര നിക്ഷേപത്തിന് സമാനമായ പദ്ധതിയാണ്. ഒരു നിശ്ചിത കാലയളവിലേക്ക് തുക നിക്ഷേപിക്കുന്നവർക്ക് ഗ്യാരണ്ടീഡ് റിട്ടേൺ പദ്ധതി പ്രകാരം നൽകുന്നു. ജൂലായ്- സെപ്റ്റംബർ പാദത്തിൽ ടൈം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് പരിഷ്കരിച്ചിരുന്നു. പോസ്റ്റ് ഓഫീസുകളിലെ ഒരു വർഷ ടൈം ഡെപ്പോസിറ്റുകളുടെ പലിശ 0.1 ശതമാനം ഉയർത്തിയതോടെ 6.9 ശതമാനമായി.
രണ്ട് വർഷത്തേക്ക് 7 ശതമാനവുമാണ് പലിശ നിരക്ക്. മൂന്ന് വർഷത്തേയും അഞ്ച് വർഷത്തേയും കാലാവധി നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7 ശതമാനത്തിലും 7.5 ശതമാനത്തിലും നിലനിർത്തിയിട്ടുണ്ട്. 5 വർഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 80സി ആനുകൂല്യം ലഭിക്കും. നിക്ഷേപിക്കുന്ന തുകയിൽ 1.50 ലക്ഷം രൂപയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം 1.50 ലക്ഷം രൂപയ്ക്ക് നികുതി ഇളവ് ലഭിക്കും.
ഏതാണ് അനുയോജ്യം സ്ഥിര നിക്ഷേപവും പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടും റിസ്ക് എടുക്കാത്ത നിക്ഷേപകർക്ക് അനുയോജ്യമാണ്. എന്നാൽ നിക്ഷേപം തിരഞ്ഞെടുക്കുന്നവർ അവരുടെ നിക്ഷേപ കാലയളവ് അടിസ്ഥാനമാക്കി വേണം നിക്ഷേപിക്കാൻ. ദീർഘകാല വീക്ഷണകോണിൽ നിന്ന് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരാണെങ്കിൽ പിപിഎഫ് തിരഞ്ഞെടുക്കാം. 15 വർഷത്തെ വളരെ നീണ്ട ലോക്ക്-ഇൻ കാലയളവിലാണ് നിക്ഷേപം. സർക്കാറിന്റെ സുരക്ഷയും നികുതി ഇളവും അധിക നേട്ടങ്ങളാണ്. റിട്ടയർമെന്റ് കോർപ്പസ് നിർമിക്കാൻ ഏറ്റവും അനുയോജ്യം പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപമാണ്. ഇവിടെ തവണകളായി നിക്ഷേപിക്കാൻ സാധിക്കുന്നു എന്നൊരു നേട്ടമുണ്ട്
ടൈം ഡെപ്പോസിറ്റുകൾ 5 വർഷമോ അതിൽ കുറവ് കാലാവധിയിലേക്ക് നിശ്ചിത തുക നിക്ഷേപിക്കാൻ ടൈം ഡെപ്പോസിറ്റുകൾ പരിഗണിക്കാം. ഒറ്റത്തവണ നിക്ഷേപമാണ് ടൈം ഡെപ്പോസിറ്റുകളിൽ നിക്ഷേപിക്കേണ്ടത്. ഇവ താരതമ്യേന കൂടുതൽ ലിക്വിഡിറ്റിയുള്ളതും കാലാവധി തീരുമാനിക്കുന്നതിന് സാധ്യതകളും നൽകുന്നു. രാജ്യത്തെ മുൻനിര ബാങ്കായ എസ്ബിഐയെ അപേക്ഷിച്ച് മികച്ച പലിശ ഇവയ്ക്ക് ലഭിക്കും. ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപമാണെങ്കിൽ 5 വർഷത്തെ ലോക്ക്-ഇൻ പിരയഡ് ഉണ്ട്. നിക്ഷേപത്തിലൂടെയുള്ള പലിശ വരുമാനത്തിന് നികുതി നൽകേണ്ടി വരും.
Comments are closed.