‘ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രതിരൂപം’; ഭരണവിരുദ്ധ വികാരം പുതുപ്പള്ളിയില്‍ പ്രതിഫലിച്ചു: മുസ്ലിം ലീഗ്

ഉമ്മന്‍ചാണ്ടിയുടെ പ്രതിരൂപമായി കണ്ടാണ് ചാണ്ടി ഉമ്മന് പുതുപ്പള്ളിക്കാര്‍ വോട്ട് ചെയ്തതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. ഭരണവിരുദ്ധ വികാരവും ഇത്തവണ പുതുപ്പള്ളിയില്‍ പ്രതിഫലിച്ചമെന്നും അതാണ് ഈ വിജയത്തിലൂടെ കാണുന്നതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചാണ്ടി ഉമ്മന്റെ ചരിത്ര വിജയത്തെ ഉമ്മന്‍ചാണ്ടിയുമായി ചേര്‍ത്തുവച്ചായിരുന്നു ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെയും പ്രതികരണം. ഉമ്മന്‍ചാണ്ടിരാജ്യം മുഴുവന്‍ നോക്കിക്കണ്ട മാതൃകാ ലീഡറായിരുന്നു. ഒരത്ഭുതമനുഷ്യനെ പോലെയാണ് അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ ജീവിച്ചത്. വളരെ വേദനിക്കുന്ന ഒരുപാട് സംഭവങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ ജീവിതത്തിലുണ്ടായി. നിരപരാധിയാണെന്ന് ലോകത്തോട് പ്രഖ്യാപിക്കപ്പെട്ടത് അദ്ദേഹത്തിന്റെ മരണശേഷമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

2021ലെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തെയും മറികടന്ന് 40,497 വോട്ടുകള്‍ക്കാണ് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ വിജയക്കുതിപ്പ്. ഒസിക്ക് പകരക്കാരനായി, പിന്മാഗിയായി ഇനി പുതുപ്പള്ളി മണ്ഡലത്തെ ചാണ്ടി ഉമ്മന്‍ നയിക്കും. യുഡിഎഫ്-74,456, എല്‍ഡിഎഫ്-33,959, എന്‍ഡിഎ-6342 എന്നിങ്ങനെയാണ് വോട്ട്നില.

ചരിത്രവിജയത്തിന് പിന്നാലെ ചാണ്ടി ഉമ്മന്‍ നേരെ പോയത് പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയോട് ചേര്‍ന്ന് അന്ത്യവിശ്രമം കൊള്ളുന്ന ഉമ്മന്‍ ചാണ്ടിയെ കാണാനാണ്. വിജയം പിതാവിന് സമര്‍പ്പിക്കുന്നുവെന്ന് പറയാതെ പറഞ്ഞ് ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി മൗനമായി പ്രാര്‍ത്ഥിച്ചു. പുതുപ്പള്ളിയുടെ പുതിയ ജനനായകനെ കാണാനും അഭിനന്ദിക്കാനും ഉമ്മന്‍ ചാണ്ടിയെ തൊട്ട് ജനങ്ങള്‍ തിക്കിതിരക്കുന്ന അപൂര്‍വ കാഴ്ചയ്ക്കും പുതുപ്പള്ളി സാക്ഷിയായി.

ഉമ്മന്‍ ചാണ്ടി അവസാനമായി മത്സരിച്ച 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 9044 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ ജയം. എന്നാല്‍ വോട്ടെണ്ണല്‍ നാലാം റൗണ്ടിലേക്ക് കടന്നപ്പോള്‍ തന്നെ ചാണ്ടി ഉമ്മന്റെ ലീഡ് പതിനായിരം കടന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ രണ്ട് റൗണ്ടുകളുടെ ഫലം പുറത്തുവന്നപ്പോള്‍ മുന്‍ മുഖ്യമന്ത്രിക്ക് ലഭിച്ചത് 2074 വോട്ടുകളുടെ ലീഡ് ആയിരുന്നു. അതേസമയം ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചത് 10218 വോട്ടുകളും.

Comments are closed.