കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ കഴിയുന്ന 2 പേരുടെയും ആരോഗ്യ നില ഗുരുതരം. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ 2 മക്കളും ബന്ധുവുമാണ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 9 വയസുകാരന്‍റെ നില അതീവ ഗുരുതരമാണ്. വെറ്റിലേറ്ററിന്‍റെ സഹായത്തോടെയാണ് കുട്ടി ആശുപത്രിയിൽ കഴിയുന്നത്. 4 വയസുകാരന്‍റെ നിലയും ഗുരുതരമാണെന്നാണ് വിവരം.
എന്നാൽ 25 കാരനായ ബന്ധുവിന്‍റെ നില തൃപ്തികമാണ്. അതീവ ഗുരുതരമായി തുടരുന്ന കുട്ടിയുടേയും മരിച്ച രണ്ടാമത്തെ ആളുടെയും സ്രവ സാമ്പിളുകൾ പിരശോധനയ്ക്ക് അയച്ചിട്ടുണ്ട്. പൂനെ വൈറോളജി ഇന്‍റസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും. ഫലം ലഭിച്ചതിനു ശേഷമേ നിപയാണെന്ന് പൂർണമായും സ്ഥിരീകരിക്കാനാകു. അതേസമയം, പ്രാദേശിക പരിശോധനയിൽ നിപ സ്ഥിരികരിച്ചതായാണ് വിവരം.
ഇതിനിടെ കോഴിക്കോട് ഡിഎംഒ അടിയന്തര യോഗം വിളിച്ചു. രാവിലെ 10.30 നാണ് യോഗം. ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജും ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലാ കലക്ടറും യോഗത്തില്‍ ചേരും. ആരോഗ്യ വകുപ്പ് ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര നടപടിക്ക് നിർദേശം നൽകിയതായി ആരോഗ്യമന്ത്രി അറിയിച്ചു.
സമ്പർക്ക പട്ടിക തയ്യാറാക്കും
രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി. പരിശോധ ഫലത്തിൽ രോഗം സ്ഥിരീകരിച്ചാൽ നിപ പ്രോട്ടോകോൾ നടപടികൾ സ്വീകരിക്കും.കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിൽപ്പെട്ട പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആയഞ്ചേരി, മരുതോങ്കര, ഭാഗങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. സ്കൂളുകൾക്കും ആങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു
Comments are closed.