കണ്ണിനു പകരം പല്ലിലൂടെ ഇനി അവർ കാഴ്ചകൾ കാണും; 2 രോഗികളിൽ ശസ്ത്രക്രിയ വിജയം

കൊച്ചി: ∙കണ്ണിനു പകരം പല്ലിലൂടെ ഇനി അവർ കാഴ്ചകൾ കാണും. പല്ലിന്റെ സഹായത്തോടെ കണ്ണിൽ ലെൻസ് വച്ചുപിടിപ്പിച്ചു. കാഴ്ചശക്തി പൂർണമായി നഷ്ടപ്പെട്ടിരുന്ന 2 രോഗികളെയാണ് മോഡിഫൈഡ് ഓസ്റ്റിയോ ഓഡോന്റോ കെരാറ്റോപ്രോസ്റ്റസിസ് (എംഒഒകെപി) എന്ന ശസ്ത്രക്രിയയിലൂടെ കാഴ്ചകളുടെ ലോകത്തു തിരികെ എത്തിച്ചത്.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം ശസ്ത്രക്രിയ നടക്കുന്നതെന്ന് ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ഡയറക്ടർ ഡോ. എ. ഗിരിധർ പറഞ്ഞു. ‘സ്റ്റീവൻസ് ജോൺസൺ സിൻഡ്രോം’ മൂലം കാഴ്ചശക്തി നഷ്ടപ്പെട്ട പൊൻകുന്നം സ്വദേശി ബിജി രാജേന്ദ്രൻ (49), കായംകുളം സ്വദേശി ശിവപ്രസാദ് (67) എന്നിവരാണു ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ അവസാനം ഒരു കണ്ണിൽ ശസ്ത്രക്രിയ നടത്തിയ വർഷം തുടർന്ന് ഇവർ കാഴ്ചശക്തി വീണ്ടെടുത്തു.

അണുബാധയോ അലർജിയോ മൂലമുണ്ടാകുന്ന സ്റ്റീവൻസ് ജോൺ രോഗത്തെ തുടർന്ന് നേത്ര പ്രതലവും കോർണിയയും നശിച്ചു കാഴ്ച നഷ്ടപ്പെടും. ഇവരിൽ കോർണിയ മാറ്റിവച്ചു കാഴ്ചശക്തി വീണ്ടെടുക്കാനാകില്ല. ശസ്ത്രക്രിയയിലൂടെ കണ്ണിന്റെ നേത്ര പ്രതലം പുനഃസൃഷ്ടിച്ച്, കോർണിയ വച്ചു പിടിപ്പിക്കുകയാണു എംഒകെപി ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്. ദന്ത ഡോക്ടറുടെ സഹായത്തോടെ കോമ്പല്ല് എല്ലാ സഹിതം എടുത്ത് അതിൽ നിന്നുള്ള 14 മില്ലിമീറ്റർ നീളമുള്ള കഷണമാണു ശസ്ത്രക്രിയയിൽ ഉപയോഗിച്ചത്.

പല്ലിന്റെ കഷണം തുരന്ന് അതിൽ ഒപ്റ്റിക്കൽ സിലിണ്ടർ ലെൻസ് സ്ഥാപിച്ച ശേഷം ശസ്ത്രക്രിയയിലൂടെ കണ്ണിൽ സ്ഥാപിച്ചു. വായയ്ക്കുള്ളിലെ ആന്തരിക പാളിയായ ബക്കിൾ മ്യൂക്കോസയെടുത്തു നേത്രപ്രതലവും പുനഃസൃഷ്ടിച്ചുവെന്നു ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ചീഫ് കോർണിയ സർജൻ ഡോ. വിനയ് എസ്. പിള്ള പറഞ്ഞു. 9 മാസം വരെ സമയമെടുത്ത് 3 ഘട്ടങ്ങളിലായാണു ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്കു ശേഷം കണ്ണുകൾ ചലിപ്പിക്കാനോ അടയ്ക്കാനോ കഴിയില്ലെങ്കിലും കാഴ്ച തിരികെ ലഭിക്കും.

സീനിയർ കൺസൽറ്റന്റും റെറ്റീന വിഭാഗം മേധാവിയുമായ ഡോ. ജി. മഹേഷ്, അനസ്തീസിയോളജിസ്റ്റ് ഡോ. പുഷ്പ സൂസൻ ഐസക്, വേദ ഡെന്റൽ ക്ലിനിക്കിലെ ഓറൽ സർജൻ ഡോ. വിദ്യാ പരമേശ്വരൻ, മാക്സിലോഫേഷ്യൽ സർജൻ ഡോ. മാത്യു ജയിംസ് എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളിയായി.

Comments are closed.