നിപ: കോഴിക്കോട് കടുത്ത നിയന്ത്രണം; 7 പഞ്ചായത്തിലെ 43 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍

നിപ ബാധ സ്ഥിരീകരിച്ചതോടെ കോഴിക്കോട് കര്‍ശന നിയന്ത്രണം. ഏഴ് പഞ്ചായത്തുകളിലെ 43 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍ ആയി പ്രഖ്യാപിച്ചു. ഇവിടെനിന്ന് പുറത്തേക്കോ അകത്തേക്കോ യാത്ര അനുവദിക്കില്ല. വാർഡുകൾ ബാരിക്കേഡ് വച്ച് നിയന്ത്രിക്കും. സ്കൂളുകൾക്കും അംഗനവാടികൾക്കും അവധി പ്രഖ്യാപിച്ചു. സർക്കാർ – അർധസർക്കാർ, പൊതുമേഖല  ബാങ്കുകൾ എന്നിവയ്ക്കും അവധിയാണ്. തദ്ദേശ സ്ഥാപനങ്ങളും വില്ലേജ് ഓഫിസുകളും ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കണം.  അവശ്യസാധനങ്ങളുടെ കടകൾക്ക് മാത്രമാണ് തുറക്കാന്‍ അനുമതി. ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് 5 വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് സമയപരിധിയില്ല.

അതേസമയം, കോഴിക്കോട്ടെ നിപ വൈറസ് ബാധയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി കേന്ദ്ര ആരോഗ്യസംഘം ഇന്നെത്തും. ഇതിനൊപ്പം പുണെയില്‍ നിന്നുള്ള സംഘവും ചെന്നൈയില്‍ നിന്നുളള സംഘവും ഉച്ചയോടെ എത്തിച്ചേരും. നിലവില്‍ നാല് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ ചികില്‍സയിലാണ്. രോഗബാധിതരുടെ സമ്പര്‍ക്ക പട്ടിക വിപുലപ്പെടുമെന്ന് ഉറപ്പായി. ഇതുവരെ 168 പേരാണ് പട്ടികയില്‍ ഉള്ളത്. ഇതിന്‍റെ ഇരട്ടിയോളമെങ്കിലും സമ്പര്‍ക്കമുണ്ടാകാനാണ് സാധ്യത. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യവകുപ്പ്. വൈറസ് ഉറവിട കേന്ദ്രങ്ങളായ ആയഞ്ചേരിയിലും മരുതോങ്കരയിലും നിയന്ത്രങ്ങള്‍ കടുപ്പിക്കും.

Comments are closed.