മന്ത്രിസഭാ പുനഃസംഘടന നംവബറിൽ; വീണാ ജോർജിനെ മാറ്റില്ല: ഗണേഷ് കുമാർ മന്ത്രിസഭയിലേക്കെന്ന് ഇ.പി ജയരാജൻ

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് വ്യക്തത വരുത്തി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. മന്ത്രി വീണാ ജോർജിനെ മാറ്റുമെന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്ന് ഇ.പി ജയരാജൻ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ചർച്ച ചെയ്യുകയോ കൈക്കൊള്ളുകയോ ചെയ്തിട്ടില്ലാത്ത തീരുമാനമാണ് ഇതെന്നും ഇ.പി ജയരാജൻ പറഞ്ഞു

കേരളത്തിലെ ഇടതുപക്ഷ മുന്നണിയിലെ മന്ത്രിമാരെല്ലാം നല്ല നിലയിൽ പ്രവർത്തിക്കുന്നവരാണെന്നും കേരളത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നവരാണ് ഇവരെന്നും ഇപി ജയരാജൻ പറഞ്ഞു. കേരളത്തിന്റെ വികസനത്തെ ഇല്ലായ്മ ചെയ്യാനും വികസനമില്ലെന്ന് സ്ഥാപിക്കാനും മന്ത്രിമാർ കഴിവില്ലാത്തവരാണെന്ന് സ്ഥാപിച്ചെടുക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും ഇ.പി ആരോപിച്ചു. കേരളത്തിലെ ആരോഗ്യ മന്ത്രി കഴിവുറ്റതാണെന്നും നിപ പ്രതിരോധം നല്ല നിലയിൽ പുരോഗമിക്കുന്നുവെന്നും ഇ.പി ജയരാജൻ വിലയിരുത്തി.

എല്ലാ ഘടകകക്ഷികൾക്കും തുല്യ പരിഗണനയുള്ള മുന്നണിയാണ് എൽഡിഎഫെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി. എൽഡിഎഫ് സർക്കാർ 2021 ൽ അധികാരത്തിൽ വന്നപ്പോൾ ചില ധാരണകളുണ്ടായിരുന്നു. രണ്ടര വർഷം കഴിഞ്ഞ്, ഇപ്പോഴത്തെ കണക്ക് പ്രകാരം നവംബറോടെയാകും ധാരണ പ്രകാരമുള്ളവരെ മന്ത്രിമാരാക്കുന്നത്. സിപിഐഎമ്മിന്റെ മന്ത്രിമാരുടെ കാര്യത്തിൽ മാറ്റമുണ്ടാകില്ല. നവംബറിൽ നടക്കാൻ പോകുന്ന പുനഃസംഘടനയിൽ ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർകോവിലും , ജനാധിപത്യ കേരളാ കോൺഗ്രസിന്റെ ആന്റണി രാജുവും മന്ത്രി സ്ഥാനത്ത് നിന്ന് മാറും. പകരം മുൻ ധാരണ പ്രകാരം കെ.ബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിസഭയിലെത്തും.

Comments are closed.