നിപ: സംസ്ഥാനത്ത് പുതിയ കേസുകളില്ല, കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഇളവുനൽകും

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ നിപ പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ചികിത്സയിലിരിക്കുന്നവരുടെ ആരോഗ്യ നില തൃപ്തികമാണെന്നും കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഇളവു നൽകുമെന്നും മന്ത്രി പറഞ്ഞു. ആകെ 218 സാമ്പിളുകൾ പരിശോധിച്ചു. സമ്പർക്ക പട്ടികയിൽ 1270 പേരാണുള്ളത്. സമ്പർക്ക പട്ടിക വിപുലീകരിക്കാൻ പൊലീസ് സഹായം തേടിയിരുന്നതായും മന്ത്രി വ്യക്തമാക്കി.

ഇന്ന് 37 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെറ്റിനറി വിദഗ്ധർ നിപ മേഖലകളിൽ സന്ദർശനം നടത്തി. വിദഗ്ധ സംഘത്തിന്‍റെ നിർദേശം അനുസരിച്ച് കളക്ടർ ഉത്തരവിറക്കുമെന്നും ഇന്നും നാളെയുമായി 136 സാമ്പിളുകളുടെ ഫലം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണം. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. എങ്കിലും നിരന്തരം വീക്ഷിച്ച് പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കണം. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

Comments are closed.