ഇന്നും മഴ കനക്കും; പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ഇരട്ട ന്യൂനമര്‍ദം കേരളത്തില്‍ പെയ്തിറങ്ങുന്നു
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഇരട്ട ന്യൂനമര്‍ദം രൂപപ്പെട്ടതോടെ കേരളത്തില്‍ ഇന്നും മഴ കനക്കും. ശക്തമായ മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടു ദിവസമായി തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിശക്ത മഴയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. നഗരങ്ങളിലടക്കം വെള്ളക്കെട്ട് രൂപപ്പെട്ടു. രണ്ടു ദിവസംകൂടി മഴ തുടരും. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അറബിക്കടലില്‍ ഗോവ തീരത്തിനു സമീപവും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലുമാണ് ന്യൂനമര്‍ദം. അറബിക്കടലില്‍ കേരളതീരത്ത് പടിഞ്ഞാറന്‍ കാറ്റും ശക്തമായി. ഇവയുടെ സ്വാധീനത്തിലാണ് മഴ ശക്തമായത്. കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ 55 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രം അറിയിച്ചു.
Comments are closed.