പ്രീമിയം ലാപ്ടോപ്പ് ശ്രേണിയിൽ സാന്നിധ്യമാകാൻ ഗൂഗിൾ; ക്രോംബുക്ക് പ്ലസ് ഇന്ത്യൻ വിപണിയിൽ

പ്രീമിയം ലാപ്ടോപ്പ് ശ്രേണിയിൽ പുതിയ മോഡൽ അവതരിപ്പിച്ച് ഗൂഗിൾ. ‘ക്രോംബുക്ക് പ്ലസ്’ എന്ന പേരിലാണ് പുതിയ പ്രീമിയം ലാപ്ടോപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പ്രമുഖ ലാപ്ടോപ്പ് നിർമ്മാതാക്കളായ അസ്യൂസ്, ഏസർ, എച്ച്പി എന്നിവരുമായി സഹകരിച്ചാണ് ഗൂഗിൾ പുതിയ ലാപ്ടോപ്പിന് രൂപം നൽകിയത്. സാധാരണ ക്രോംബുക്കിനെ അപേക്ഷിച്ച് പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്ന തരത്തിലുള്ള വേഗമേറിയ പ്രോസസറുകളും, ഇരട്ടി മെമ്മറിയും, സ്റ്റോറേജുമാണ് ക്രോംബുക്ക് പ്ലസിന്റെ പ്രധാന സവിശേഷത. ഇതിനോടൊപ്പം എഐ ഫീച്ചറുകളും ലഭ്യമാണ്.

മറ്റ് മോഡലുകളെക്കാൾ ഡിസൈനിലും ഫീച്ചറിലും വ്യത്യസ്തത പുലർത്താൻ ഗൂഗിൾ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. വീഡിയോ കോൺഫറൻസിംഗിനായി പ്രത്യേക കൺട്രോൾ പാനൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നോയിസ് ക്യാൻസലേഷൻ, ബാക്ക്ഗ്രൗണ്ട് ബ്ലർ, ലൈവ് ക്യാപ്ഷൻ, നൈറ്റ് ബ്രൈറ്റ്നസ് അഡ്ജസ്റ്റ്മെന്റ് എന്നിങ്ങനെയുള്ള വിവിധ എഐ ഫീച്ചറുകൾ ലഭ്യമാണ്. ഓട്ടോമാറ്റിക് ഫയൽ സിങ്ക് സംവിധാനം ഉള്ളതിനാൽ ഉപഭോക്താക്കൾ ഓഫ്‌ലൈൻ ആണെങ്കിൽ പോലും ഡ്രൈവിലെ ഫയലുകൾ ആക്സസ് ചെയ്യാൻ കഴിയും. ക്രോം ബുക്ക് പ്ലസ് ഉപഭോക്താക്കൾക്ക് മൂന്ന് മാസം സൗജന്യമായി അഡോബി ഫോട്ടോഷോപ്പ്, എക്സ്പ്രസ് എന്നിവ ഉപയോഗിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

Comments are closed.