ആഘോഷമായി പുതുവർഷത്തെ വരവേറ്റ് കൊച്ചിയും കോഴിക്കോടും

കോഴിക്കോട്:ബേപ്പൂർ, കോഴിക്കോട് അടക്കം പ്രധാനപ്പെട്ട ബീച്ചുകളും മാനാഞ്ചിറയും കേന്ദ്രീകരിച്ചായിരുന്നു കോഴിക്കോട്ടെ പുതുവർഷാഘോഷങ്ങൾ. കർശന നിയന്ത്രണങ്ങൾക്കിടയിലും ആടിയും പാടിയും പടക്കങ്ങൾ പൊട്ടിച്ചും കോഴിക്കോട്ടുകാർ പുതുവർഷത്തെ വരവേറ്റു.

നഗരത്തിലുടനീളം ഗതാഗത നിയന്ത്രണങ്ങളേർപ്പെടുത്തിയാണ് പൊലീസ് ആഘോഷപരിപാടികൾ സുഗമമാക്കിയത്. വൈകിട്ട് മൂന്ന് മണി മുതൽ കോഴിക്കോട് ബീച്ചിലേക്ക് കാറടക്കമുള്ള വാഹനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. ബീച്ചിന് ഒരു കിലോ മീറ്റർ അപ്പുറത്ത് വാഹനം നിർത്തേണ്ടി വന്നെങ്കിലും കാൽനടയായി നൂറു കണക്കിന് പേർ ബീച്ചിലെത്തി.

 

ഏഴ് എ സി പി മാരുടെ നേതൃത്വത്തിൽ 600 പൊലീസുദ്യോഗസ്ഥരാണ് നഗരത്തിലെ സുരക്ഷ ചുമതലയ്ക്കായി ഉണ്ടായിരുന്നത്. നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും 12 മണിക്ക് ശേഷവും ബീച്ചും പരസരവും പൊലീസ് നിർബന്ധപൂർവ്വം ഒഴിപ്പിച്ചില്ല. ഏറെ വൈകിയും കോഴിക്കോട്ടുകാർ പുതുവർഷത്തെ വരവേൽക്കാൻ ഉണർന്നിരുന്നു.

 

പുതുവത്സര ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായ ഫോർട്ട് കൊച്ചിയിൽ കൂറ്റൻ പപ്പാഞ്ഞിയെ കത്തിച്ച് പുതുവർഷത്തെ വരവേറ്റു. ആഘോഷവും ആരവങ്ങളുമായി പതിനായിരങ്ങളാണ് ഇത്തവണയും ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത്.

 

പുതുവർഷത്തെ വരവേൽക്കാൻ ജനസാഗരം ഒഴുകിയെത്തിയതോടെ ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ട് ആവേശക്കടലായി. രാത്രി 11.55ന് കൗണ്ട്ഡൗൺ തുടങ്ങി. എല്ലാവരുടെയും ശ്രദ്ധ 80 അടി ഉയരമുള്ള പടുകൂറ്റൻ പാപ്പാഞ്ഞിയിലേക്ക്. കൃത്യം 12 മണിക്ക് പാപ്പാഞ്ഞിക്ക് തിരികൊളുത്തി. ഹർഷാരവങ്ങൾക്കൊപ്പം ഹാപ്പി ന്യൂ ഇയർ വിളികൾ മുഴങ്ങി. പടു വൃദ്ധനായ പാപ്പാഞ്ഞിക്കൊപ്പം 2023ന്റെ വേദനകളെല്ലാം എരിഞ്ഞമർന്നു.

 

കഴിഞ്ഞവർഷത്തെ അപകട സാഹചര്യം കണക്കിലെടുത്ത് കടുത്ത നിയന്ത്രണത്തിലാണ് ഇത്തവണ ആഘോഷം നടന്നത്. ഫോർട്ട് കൊച്ചിയിൽ മാത്രം വിന്യസിച്ചത് ആയിരത്തോളം പൊലീസുകാരെയായിരുന്നു. വൈകിട്ട് 4 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഫോർട്ട് കൊച്ചിക്കൊപ്പം പുതുവൈപ്പിനിലും കൊച്ചി നഗരത്തിലും കോർപ്പറേഷനും, ജില്ലാ ഭരണകൂടവും പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ മറൈൻ ഡ്രൈവിലും പരിസരത്തും ഇലുമിനേറ്റഡ് ജോയ്, സ്പ്രെഡിംഗ് ഹാർമണി’ എന്ന പേരിൽ വർണ വിളക്കുകകളുടെ വിസ്മയമൊരുക്കിയാണ് പുതുവർഷത്തെ സ്വീകരിച്ചത്.

 

Comments are closed.