മെസ്സിയും ടീമും വരുന്നു! ആ സ്വപ്നം പൂവണിയുന്നു, അര്‍ജൻ്റീന ദേശീയ ടീം കേരളത്തില്‍ 2 സൗഹൃദ മത്സരം കളിക്കും

തിരുവനന്തപുരം: അര്‍ജന്റീനയുടെ ദേശീയ ഫുട്ബോള്‍ ടീം കേരളത്തിലെത്തുമെന്ന് ഉറപ്പിച്ച്‌ കായികമന്ത്രി വി.അബ്ദുറഹ്മാന്‍.

അർജന്റീന ഫുട്ബോള്‍ ടീം 2025ല്‍ കേരളത്തില്‍ എത്തുമെന്നും രണ്ടു സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നും കായികമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അർജന്റീന ഫുട്ബോള്‍ അസോസിയേഷൻ പ്രതിനിധികളുമായി ഓണ്‍ലൈനായി ചർച്ച നടത്തിയ ശേഷമാണ് കേരളത്തിലെ ഫുട്ബോള്‍ ആരാധകരുടെ മനം നിറയ്ക്കുന്ന വിശേഷം മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

 

‘അർജൻ്റീന ദേശീയ ടീം കേരളത്തില്‍ രണ്ട് സൗഹൃദ മത്സരം കളിക്കും. നേരത്തേ 2024 ജൂണില്‍ കളിക്കാൻ എത്തുമെന്നാണ് അറിയിച്ചത്. എന്നാല്‍, ആ സമയം മണ്‍സൂണ്‍ സീസണായതിനാല്‍ പ്രയാസം അറിയിച്ചു. തുടർന്ന് 2025 ഒക്ടോബറില്‍ കളിക്കാൻ സന്നദ്ധത അർജൻ്റീന അറിയിച്ചു. ഏറെ ശ്രമകരമായ ഒന്നാകും ഈ സൗഹൃദ മത്സരത്തിന്റെ സംഘാടനം എങ്കിലും കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് നല്‍കാവുന്ന വലിയ സമ്മാനവും ഒപ്പം നമ്മുടെ കായിക താരങ്ങള്‍ക്ക് ഉള്ള വലിയ പ്രചോദനവും ആകും’-മന്ത്രി പറഞ്ഞു.

 

കായികമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

 

ലിയോണല്‍ മെസ്സി അടക്കമുള്ള അർജെന്റീന ദേശീയ ടീം ഇന്ത്യയില്‍ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചിലവ് താങ്ങാൻ കഴിയില്ലെന്ന കാരണത്താല്‍ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തി എന്ന വാർത്ത കേരളത്തിലെ ഫുട്ബാള്‍ പ്രേമികളില്‍ പ്രത്യേകിച്ചും നീലപ്പടയുടെ ആരാധകരില്‍ സൃഷ്ടിച്ച നിരാശയാണ് അര്ജെന്റിന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ പ്രേരകമായത്. ഖത്തർ ലോകക്കപ്പ് സമയത്ത്‌ കേരളത്തെ നീലക്കടലാക്കി മാറ്റിയ കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചു കൊണ്ട് കേരളത്തിന്റെ ക്ഷണം അവർ സ്വീകരിച്ചു.

 

നമ്മുടെ ടീമുമായുള്ള സൗഹൃദ മത്സരത്തിന്റെ സാധ്യതകളും കേരളത്തിന്റെ ഫുട്ബോള്‍ വികസനത്തില്‍ അർജെന്റിനയുമായി സഹകരിക്കാവുന്ന വിവിധ തലങ്ങളും അർജെന്റിന ഫുട്ബോള്‍ അസോസിയേഷൻ പ്രതിനിധികളുമായി ഇന്ന് നടന്ന ഓണ്‍ലൈൻ മീറ്റിംഗില്‍ വിശദമായി ചർച്ച ചെയ്യപ്പെട്ടു. അർജൻ്റിന കേരളവുമായി ഫുട്ബോള്‍ രംഗത്ത് സജീവമായ സഹകരണത്തിന് സന്നദ്ധത അറിയിച്ചു. കേരള സർക്കാർ നടത്തുന്ന ഗോള്‍ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കുവാനും ഉള്ള താത്പര്യവും അവർ പ്രകടിപ്പിച്ചിട്ടുണ്ട്.

 

അർജൻ്റീന ദേശീയ ടീം കേരളത്തില്‍ രണ്ട് സൗഹൃദ മത്സരം കളിക്കും. നേരത്തേ 2024 ജൂണില്‍ കളിക്കാൻ എത്തുമെന്നാണ് അറിയിച്ചത്. എന്നാല്‍, ആ സമയം മണ്‍സൂണ്‍ സീസണായതിനാല്‍ പ്രയാസം അറിയിച്ചു. തുടർന്ന് 2025 ഒക്ടോബറില്‍ കളിക്കാൻ സന്നദ്ധത അർജൻ്റീന അറിയിച്ചു.ഏറെ ശ്രമകരമായ ഒന്നാകും ഈ സൗഹൃദ മത്സരത്തിന്റെ സംഘാടനം എങ്കിലും കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് നല്‍കാവുന്ന വലിയ സമ്മാനവും ഒപ്പം നമ്മുടെ കായിക താരങ്ങള്‍ക്ക് ഉള്ള വലിയ പ്രചോദനവും ആകും അർജെന്റിന ദേശീയ ടീമിന്റെ കേരളത്തിലേക്കുള്ള വരവ് എന്ന വിശ്വാസവും തിരിച്ചറിവും ഈ വാർത്ത വന്നപ്പോള്‍ മുതല്‍ നമ്മുടെ ആളുകള്‍ പ്രകടിപ്പിക്കുന്ന ആവേശവും മുന്നോട്ട് പോകുവാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്. അർജെന്റീന ദേശീയ ടീമിന്റെ ഇന്റർനാഷണല്‍ റിലേഷൻസ് ഹെഡ് പാബ്ലോ ഡയസ് സംസ്ഥാന കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ എ എസ് കെ എഫ് എ സംസ്ഥാന പ്രസിഡന്റ്‌ നവാസ് മീരാൻ അടക്കമുള്ള പ്രതിനിധികള്‍ ചർച്ചയില്‍ പങ്കെടുത്തു.

 

Comments are closed.