‘കോഴിക്കോടും മലപ്പുറവും വിഭജിച്ച്‌ പുതിയ ജില്ല രൂപീകരിക്കണം’; നയം പ്രഖ്യാപിച്ച്‌ പി.വി അൻവറിന്റെ ഡിഎംകെ

മലപ്പുറം: മലബാറിനോടുള്ള അവഗണനയും സാമൂഹികനീതിയും ഉയര്‍ത്തി പി.വി അന്‍വറിന്‍റെ പുതിയ സംഘടന ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ(ഡിഎംകെ) നയപ്രഖ്യാപനം.

കോഴിക്കോടും മലപ്പുറവും വിഭജിച്ച്‌ പുതിയ ജില്ല രൂപീകരിക്കണം, ജാതി സെൻസസിലൂടെ സാമൂഹ്യനീതി, പ്രവാസികള്‍ക്ക് വോട്ടവകാശം, ഓണ്‍ലൈൻ വ്യാപാരം കുറക്കാൻ നിയമനിർമാണം, വഴിയോര കച്ചവടക്കാർക്ക് വായ്പയും ഇൻഷുറൻസും തുടങ്ങിയവയാണു പ്രധാന പ്രഖ്യാപനങ്ങള്‍. മഞ്ചേരിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ അന്‍വറിനെ കേള്‍ക്കാനായി ആയിരങ്ങള്‍ എത്തിയിട്ടുണ്ട്.

 

ഇങ്ക്വിലാബ് വിളികളോടെയാണ് അന്‍വറിനെ പ്രവര്‍ത്തകര്‍ വേദിയിലേക്ക് ആനയിച്ചത്. മുസ്‍ലിം ലീഗ് എറണാകുളം മുൻ ജില്ലാ പ്രസിഡൻ്റ് ഹംസ പറക്കാട്ടില്‍, ഗാനരചയിതാവ് ബാപ്പു വെള്ളിപറമ്ബ് ഉള്‍പ്പെടെ വേദിയിലുണ്ടായിരുന്നു. സിപിഎം മരുത മുന്‍ ലോക്കല്‍ സെക്രട്ടറി ഇ.എ സുകു അധ്യക്ഷ പ്രസംഗം നടത്തി. തുടര്‍ന്ന് മാപ്പിള കലാ അക്കാദമി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഫസല്‍ കൊടുവള്ളി പാര്‍ട്ടി നയം വായിച്ചുകേള്‍പിച്ചു.

 

പ്രഖ്യാപിക്കപ്പെട്ട നയങ്ങള്‍ ഇങ്ങനെ:

 

-എല്ലാ പൗരന്മാർക്കും നീതി, വിശ്വാസ, ആരാധനാ സ്വാതന്ത്യം ഉറപ്പുവരുത്തണം

 

-ജാതി സെൻസസിലൂടെ സാമൂഹ്യനീതി നടപ്പാക്കണം

 

-പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കണം

 

-ഇ-ബാലറ്റ് നടപ്പാക്കണം

 

-ജനസംഖ്യാനുപാതികമായി സർക്കാർ സേവനം ലഭ്യമാക്കാൻ മലപ്പുറം-കോഴിക്കോട് ജില്ലകള്‍ വിഭജിച്ച്‌ 15-ാമത് ജില്ല രൂപീകരിക്കണം

 

-മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കണം

 

–പൊലീസിലെ ക്രിമിനല്‍വല്‍ക്കരണത്തിനെതിരെ പ്രത്യേകം നിയമം, രണ്ട് എഫ്‌ഐആർ ചാർത്തപ്പെട്ടവരെ സേനയില്‍നിന്ന് നീക്കണം

 

-സ്‌പോർട്‌സ് യൂനിവേഴ്‌സിറ്റി, എല്ലാ പഞ്ചായത്തിലും മിനി സ്റ്റേഡിയം

 

-ശബരിമല, വഖഫ് ബോർഡുകളില്‍ അതതു വിശ്വാസികള്‍ മാത്രം

 

-സ്‌കൂള്‍ സമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ആക്കണം

 

-സർക്കാർ സ്‌കൂളുകളില്‍ മക്കളെ പഠിപ്പിക്കാത്ത അധ്യാപകരുടെ ശമ്ബളത്തിന്റെ 20 ശതമാനം ബിപിഎല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് നല്‍കണം

 

-ഓണ്‍ലൈൻ വ്യാപാരം കുറക്കാൻ നിയമനിർമാണം പരിഗണിക്കും

 

-വഴിയോര കച്ചവടക്കാർക്ക് വായ്പയും ഇൻഷുറൻസും നല്‍കണം

 

-അഭ്യസ്തവിദ്യരായ തൊഴില്‍രഹിതർക്ക് കെഎസ്‌ആർടിസിയില്‍ സൗജന്യയാത്ര

 

-വയോജനക്ഷേമത്തിനായി വയോജന വകുപ്പ് രൂപീകരിക്കണം

 

****** ****** ****** ******

 

വൈകീട്ട് അഞ്ചു മണിക്ക് പരിപാടി ആരംഭിക്കുമെന്നാണു പ്രഖ്യാപിച്ചിരുന്നതെങ്കിലും ഒന്നേമുക്കാല്‍ മണിക്കൂർ വൈകിയാണു തുടക്കമായത്. മണിക്കൂറുകള്‍ക്കുമുൻപ് തന്നെ അൻവറിനെ ശ്രവിക്കാനായി നാടിന്റെ നാനാഭാഗങ്ങളില്‍നിന്നായി നൂറുകണക്കിനുപേർ നേരത്തെ തന്നെ വേദിയില്‍ ഇടംപിടിച്ചിരുന്നു. ഡിഎംകെ പതാകയുമായാണു പലരും എത്തിയത്. തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ, നീലഗിരി തുടങ്ങിയ അതിർത്തി പ്രദേശങ്ങളില്‍നിന്ന് നിരവധി ഡിഎംകെ പ്രവർത്തകർ എത്തിയതായും റിപ്പോർട്ടുണ്ട്.

 

മാറാൻ സമയമായി എന്ന തലക്കെട്ടോടെയാണ് അൻവർ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പൊതുയോഗങ്ങള്‍ പ്രഖ്യാപിച്ചത്. എഡിജിപി എം.ആർ അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി ഉള്‍പ്പെടെയുള്ളവർക്കെതിരെ ഉയർത്തിയ ഗുരുതരമായ ആരോപണങ്ങള്‍ വിശദീകരിച്ചാണ് അൻവറിന്റെ പൊതുയോഗങ്ങള്‍ നടക്കുന്നത്. നിലമ്ബൂർ ചന്തക്കുന്നിലെ പരിപാടിക്കുശേഷം അരീക്കോട്ടും യോഗം പ്രഖ്യാപിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്‌നത്തെ തുടർന്ന് നീട്ടിവയ്ക്കുകയായിരുന്നു. അടുത്ത ദിവസങ്ങളില്‍ പാലക്കാട്, കോഴിക്കോട് ഉള്‍പ്പെടെ മലബാറിലെ മറ്റു ജില്ലകളിലും പൊതുയോഗം നടത്തുമെന്ന് അൻവർ സൂചിപ്പിച്ചിരുന്നു.

 

അതേസമയം, പി.വി അൻവറുമായി രാഷ്ട്രീയ സഖ്യമില്ലെന്ന് ഡിഎംകെ നേതൃത്വം അറിയിച്ചു. സഖ്യകക്ഷികളിലെ വിമതരെ ഒപ്പം കൂട്ടില്ലെന്നാണ് ഡിഎംകെ നിലപാടെന്ന് ഡിഎംകെ വക്താവ് ടി.കെ.എസ് ഇളങ്കോവൻ മീഡിയവണിനോട് പറഞ്ഞു. ഞങ്ങളുമായി സഖ്യമുള്ള സിപിഎം നടപടി സ്വീകരിച്ച ഒരാളെന്ന നിലയില്‍ അവരുടെ സമ്മതമില്ലാതെ അദ്ദേഹത്തെ പാർട്ടിയിലെടുക്കാനാകില്ല. നേതാക്കള്‍ വിഷയം ചർച്ച ചെയ്തതായി അറിയില്ലെന്നും വിഷയത്തില്‍ അന്തിമ തീരുമാനം എം.കെ സ്റ്റാലിൻറേതാകുമെന്നും ഇളങ്കോവൻ മീഡിയവണിനോട് പറഞ്ഞു.

 

കഴിഞ്ഞ ദിവസം ചെന്നൈയില്‍ എത്തി ഡിഎംകെ നേതാക്കളുമായി അൻവർ കൂടിക്കാഴ്ച നടത്തിയതായി വാർത്തകളുണ്ടായിരുന്നു. രാഷ്ട്രീയ നീക്കത്തിൻറെ ഭാഗമായാണു താൻ ചെന്നൈയില്‍ പോയതെന്നുമായിരുന്നു അൻവറിന്റെ വിശദീകരണം. തന്റെ സംഘടനയുടെ കാര്യങ്ങള്‍ പറയാനായി പോകുന്നതാണ്. ഇന്ത്യയിലെ മതേതര സമൂഹത്തിന് ഏറ്റവും വിശ്വസിക്കാൻ കഴിയുന്ന നേതാവാണ് സ്റ്റാലിനെന്നും അൻവർ പറഞ്ഞു. മതേതര പോരാട്ടത്തിന് ഒരുങ്ങുമ്ബോള്‍ അത്തരം ആളുകളുടെ അനുഗ്രഹം ആവശ്യമാണെന്നും തമിഴ്‌നാട്ടില്‍ സാധാരണക്കാരോടൊപ്പം നില്‍ക്കുന്ന പാർട്ടിയാണ് ഡിഎംകെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments are closed.