സ്കൂൾ വാർഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

അരീക്കോട് : അരീക്കോട് സബ് ജില്ലയിലെ എ എൽ പി സ്കൂൾ നോർത്ത് കോഴിക്കോട്ടൂരിൽ 35 വർഷത്തെ സേവനത്തിൽ 31 വർഷവും പ്രധാന അധ്യാപകനായി സേവനം ചെയ്ത് സ്ഥാനത്തു നിന്നും വിരമിക്കുന്ന രത്നാകരൻ മാസ്റ്റർക്കും, സഹപ്രവർത്തകൻ അബ്ദുൽ ഗഫൂർ മാസ്റ്റർക്കും യാത്രയയപ്പ് നൽകി. ഈ അധ്യായന വർഷം പൂർത്തീകരിച്ച് ഏപ്രിൽ 30നാണ് ഇരുവരും സേവനത്തിൽ നിന്നും വിരമിക്കുന്നത്. ഇരുവരും സ്കൂളിൻ്റെ പുരോഗതിക്കും അക്കാദമിക മികവിനും ധാരാളം പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിരുന്നു. സ്കൂൾ വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ യാത്രയയപ്പ് പരിപാടിയിൽ ഏറനാട് മണ്ഡലം എംഎൽഎ പി കെ ബഷീർ സ്കൂൾ സന്ദർശിച്ച് ആശംസകൾ അറിയിക്കുകയും പ്രധാന അധ്യാപകനെ ഷാൾ അണിയിച്ച ആദരിക്കുകയും ചെയ്തു. ആശംസകൾ അർപ്പിച്ചു സംസാരിക്കവേ സ്കൂൾ കിച്ചണിനായി 10 ലക്ഷം രൂപയുടെ പദ്ധതിയും എംഎൽഎ പ്രഖ്യാപിച്ചു. 

സ്കൂൾ വാർഷികത്തിന്റെയും യാത്രയപ്പിനോടും അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം പിടിഎ പ്രസിഡണ്ട് നിയാസ് താഴ്ത്താരിയുടെ അധ്യക്ഷതയിൽ അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.ടി അബ്ദു ഹാജി ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണം ടി.കെ.ടി അബ്ദു ഹാജിയും, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം എൻ.വി അബ്ദുറഹ്മാൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ഈ വർഷത്തെ പ്രതിഭകളെ അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ദിവ്യ ആദരിച്ചു. അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. മുഹമ്മദ് കോയ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ കെ മുക്താർ കുട്ടികൾക്കുള്ള സന്ദേശം നൽകി. സ്കൂളിൻ്റെ പിന്നിട്ട വഴികൾ അബ്ദുൽ കരീം താഴ്ത്താരി അവതരിപ്പിച്ചു. സ്കൂൾ മാനേജർ സി.കെ മുഹമ്മദ്, മാനേജ്മെൻ്റ് പ്രതിനിധികളായ സുഹൂദ് മാസ്റ്റർ, എൻ.വി സക്കറിയ, കുട്ടൻ കുന്നത്തൊടി, സുഹൈർ വി.പി, വേലായുധൻ, സെക്കീന എന്നിവർ സംസാരിച്ചു. വിരമിക്കുന്ന പ്രധാന അധ്യാപകൻ രത്നാകരൻ, അബ്ദുൽ ഗഫൂർ എന്നിവർ മറുപടി പ്രസംഗം നടത്തി. പ്രോഗ്രാം കൺവീനർ ആരിഫ സ്വാഗതവും, ബുഷൈർ നന്ദിയും രേഖപ്പെടുത്തി. കുട്ടികളുടെ കലാവിരുന്നും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.

Comments are closed.