തിരുവനന്തപുരം: നിയമസഭ പാസാക്കി അയച്ച ശേഷം രാജ്ഭവനിൽ തടഞ്ഞു വച്ചിരിക്കുന്നഎട്ടു ബില്ലുകളിൽ ഒപ്പിടണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് മുഖ്യമന്ത്രി കത്ത് നൽകി. കത്ത് വായിച്ച ശേഷം ബില്ലുകളെല്ലാം വിളിപ്പിച്ച് വായിച്ച ഗവർണർ, അവ രാജ്ഭവനിൽ ഭദ്രമായി സൂക്ഷിക്കാൻ നിർദ്ദേശിച്ചു. ഇന്നലെ വൈകിട്ട് ചെന്നൈയിലേക്ക് പോയ ഗവർണർ 23ന് തിരിച്ചെത്തും.
സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ളനിയമ ഭേദഗതി ബിൽ രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവർണർ പറഞ്ഞിരുന്നെങ്കിലും അങ്ങനെയൊരു നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടില്ല. ഈ ബില്ലിൽ തനിക്ക് മുകളിലുള്ളവർ തീരുമാനമെടുക്കുമെന്നും ഗവർണർ പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ 17 ബില്ലുകളിൽ 14 എണ്ണത്തിലും ഗവർണർ ഒപ്പിട്ടിട്ടുണ്ട്. മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ, അടച്ചിട്ടിരിക്കുന്ന കശുഅണ്ടി ഫാക്ടറികൾ സർക്കാരിന് ഏറ്റെടുക്കുന്നതിനായുള്ള കശുഅണ്ടി ഫാക്ടറികൾ (വിലയ്ക്കെടുക്കൽ) ഭേദഗതി ബിൽ എന്നിവ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു.
ചാൻസലറെ നീക്കുന്ന ബില്ലിന് പുറമെ, 2021നവംബറിൽ പാസാക്കിയ സർവകലാശാലാ നിയമഭേദഗതിക്കുള്ള രണ്ട് ബില്ലുകൾ, 2022ൽ പാസാക്കിയ, വൈസ്ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം കവർന്ന് സെർച്ച് കമ്മിറ്റി 5 അംഗങ്ങളുടേതാക്കി വിപുലീകരിക്കാനുള്ള ബിൽ, മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള സഹകരണ സംഘം ഭേദഗതി, ലോകായുക്ത ഉത്തരവുകൾ നിയമസഭയ്ക്കും മുഖ്യമന്ത്രിക്കും സർക്കാരിനും പുനഃപരിശോധിക്കാവുന്ന ഭേദഗതി, പബ്ലിക് സർവീസ് കമ്മിഷൻ (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) റദ്ദാക്കൽ, സഹകരണസംഘങ്ങളിൽ അഡ്മിനിസ്ട്രേറ്റർമാർക്ക് വോട്ട് ചെയ്യാനുള്ള ഭേദഗതി ബില്ലകളാണ് ഒപ്പിടാത്തത്.
ഒപ്പിടാത്തതിന്കാരണങ്ങൾ
ലോകായുക്ത ഭേദഗതി ബിൽ നിയമവിരുദ്ധവും ലോകായുക്തയുടെ നിലനിൽപ്പിന് ഭീഷണിയും, സ്വന്തം കേസിൽ സ്വന്തമായി വിധി പറയാൻ സാഹചര്യമൊരുക്കുന്നതും.വി.സി നിയമന ഭേദഗതി നിയമമായാൽ, സർക്കാർ പറയുന്നവരെ വി.സിയാക്കേണ്ടി വരും. സർവകലാശാലകൾ രാഷ്ട്രീയക്കാരുടെ നിയന്ത്രണത്തിലാവും. സർവകലാശാലകളിൽരാഷ്ട്രീയ അതിപ്രസരമുണ്ടാവും.
Comments are closed.