ഒറ്റപ്പെട്ടുപോയവരെ ചേർത്തുപിടിച്ച് തദ്ദേശസ്ഥാപനങ്ങൾ

അരീക്കോട് : തദ്ദേശ സ്ഥാപനങ്ങൾ വാർഷിക പദ്ധതി ഒരുക്കുന്ന തിരക്കിലാണിപ്പോൾ. ചട്ടക്കൂടിനകത്തു നിന്നുള്ളവയ്ക്കു പുറമേ അൽപം വഴിമാറിച്ചിന്തിച്ചാൽ നാടിനു തന്നെ മാതൃകയാകാവുന്ന പദ്ധതികൾ ഓരോ തദ്ദേശ സ്ഥാപനത്തിനും പ്രഖ്യാപിക്കാനാകും. കഴിഞ്ഞ വർഷം ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വിജയകരമായി നടപ്പാക്കിയ മാതൃകാ പദ്ധതിയായിരുന്നു ‘ശലഭം’.

ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ വനിതകളെ മുഖ്യധാരയിലെത്തിക്കാൻ ഊർങ്ങാട്ടിരി പഞ്ചായത്തിന്റെ ‘ശലഭം’ സ്ത്രീശാക്തീകരണ പദ്ധതി. വിധവകൾ, വിവാഹമോചിതർ, അവിവാഹിതർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ തുടങ്ങിയവരുടെ അഭിരുചികൾ കണ്ടെത്തി സാമ്പത്തിക ഭദ്രത, ആത്മവിശ്വാസം എന്നിവ വളർത്തിയെടുക്കുകയാണു ലക്ഷ്യം. സ്വന്തമായോ കൂട്ടായോ സംരംഭങ്ങളാരംഭിക്കാനുള്ള സഹായവും നൽകുന്നു.

കുടുംബശ്രീ, അയൽക്കൂട്ടങ്ങളുടെ സഹകരണത്തോടെ അങ്കണവാടികൾ വഴി വാർഡുകളിൽ റജിസ്റ്റർ ചെയ്ത വിധവകളുടെ കൂട്ടായ്മ രൂപീകരിച്ചായിരുന്നു തുടക്കം. ജനുവരിയിൽ ഇവരുടെ സംഗമം നടത്തിയപ്പോൾ അഞ്ഞൂറോളം പേരാണെത്തിയത്. ഓരോരുത്തരുടെയും പ്രയാസങ്ങൾ മനസ്സിലാക്കി ആവശ്യമായ നിർദേശങ്ങൾ നൽകി. തുടർപഠനത്തിനും തൊഴിലിനും സഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. സാന്ത്വന പരിചരണം, പാചകം, തയ്യൽ തുടങ്ങിയവയിൽ പരിശീലനവും ശിൽപശാലയും നടത്തി

പഞ്ചായത്ത് കേന്ദ്രീകരിച്ച് ആരംഭിച്ച യൂണിറ്റിന്റെ സേവനം സമീപപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയും അതുവഴി അവർക്ക് വരുമാനമാർഗവുമൊരുക്കുന്നു. കൂട്ടായ്മയിൽ നിന്നുതന്നെ പരിശീലകരെയും കണ്ടെത്തിയിട്ടുണ്ട്. തുടർ വർഷങ്ങളിൽ അവർ പരിശീലനം നൽകും. കൂട്ടായ്മയുടെ ഭാഗമായി വിനോദ യാത്രയും തൊഴിലിട സന്ദർശനവും നടക്കുന്നു.

അതേസമയം കഴിഞ്ഞ രണ്ടുവർഷം കോവിഡിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടതോടെ വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് ആവശ്യമായ പ്രത്യേക പരിചരണം നൽകി മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി കാവനൂർ പഞ്ചായത്ത് ഈ വർഷം നടപ്പാക്കിയ അക്ഷരമിഠായി പദ്ധതി ഏറെ പ്രശംസനീയമാണ്. എന്നാൽ സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ തനത് പദ്ധതികൾ പോലും പൂർത്തീകരിക്കാതെ മറ്റു പദ്ധതികൾക്ക് വേണ്ടി സമയം ചെലവഴിക്കുന്നതും ഫണ്ട് വകയിരുത്തുന്നതും അനുചിതമാകും.

Comments are closed.