തിരുവനന്തപുരം: അതിവേഗ ഇന്റർനെറ്റായ 5ജി കേരളത്തിലെത്തിയിട്ടും അഞ്ചുവർഷം മുമ്പ് സംസ്ഥാന സർക്കാർ തുടക്കമിട്ട കെ-ഫോൺ എങ്ങുമെത്തിയില്ല. വേഗത്തിന്റെ കാര്യത്തിൽ 5ജിയുടെ അടുത്തെങ്ങും എത്താൻ കഴിയാത്ത കെ-ഫോൺ കാലഹരണപ്പെടുമെന്ന നിലയിലാണ്. സ്വകാര്യ കമ്പനികളിൽ നിന്ന് ഇന്റർനെറ്റ് സേവനം വിലയ്ക്കുവാങ്ങി സ്വന്തം കേബിൾനെറ്റ് വർക്കിലൂടെ സൗജന്യമായി പാവപ്പെട്ടവരുടെ വീടുകളിലും സർക്കാർ ഓഫീസുകളിലും ലഭ്യമാക്കുന്ന പദ്ധതിയാണ് കെ.ഫോൺ.
2017ൽ പണിതുടങ്ങിയ കെ-ഫോൺ പദ്ധതിയിലൂടെ മൂന്നു വർഷത്തിനുള്ളിൽ 20ലക്ഷം വീടുകളിൽ സൗജന്യ ഇന്റർനെറ്റ് കണക്ഷനും 30000 സർക്കാർ ഓഫീസുകളിൽ ഇന്റർനെറ്റ് ശൃംഖലയും സജ്ജമാക്കുമെന്നാണ് വാഗ്ദാനം ചെയ്തത്. കെ-ഫോൺ സംവിധാനം 90 ശതമാനവും പൂർത്തിയായെന്നാണ് അധികൃതർ പറയുന്നത്. 22836.17കിലോമീറ്റർ ഒപ്ടിക്കൽ ഫൈബർ മെറ്റ്‌വർക്കിൽ 18360.38കിലോമീറ്റർ പൂർത്തിയായി. 18174ഓഫീസുകളിൽ നെറ്റ് വർക്ക് സ്ഥാപിച്ചു.ഇതിൽ 11288 ഓഫീസുകളിൽ കണക്ഷൻ നൽകി. എന്നാൽ, ജനങ്ങൾക്ക് സൗജന്യ കണക്ഷൻ നൽകാൻ നാടെങ്ങും ലൈൻ വേണം. അതുടൻ സാധ്യമല്ലെന്ന് ബോധ്യമായതോടെ, തുടക്കത്തിൽ 14000പേർക്ക് മാത്രം സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകുമെന്നായി സർക്കാർ. ഒരു നിയമസഭാ മണ്ഡലത്തിൽ പാവപ്പെട്ട 100 പേർക്കായി പരിമിതപ്പെടുത്തുകയും ചെയ്തു. എന്നിട്ടും ആർക്കും കൊടുക്കാൻ കഴിഞ്ഞില്ല.
കെ – ഫോൺ പദ്ധതിയുടെ നടത്തിപ്പിനായി ഭരണാനുമതി ലഭിച്ചത് 1028.8 കോടി രൂപയ്ക്കാണ്. എന്നാൽ, നിർമ്മാണ പ്രവർത്തനത്തിന് രണ്ടു വർഷവും ഓപ്പറേഷൻ ആൻഡ് മെയിന്റനൻസിന് ഏഴുവർഷവും ഉൾപ്പെടെ 9 വർഷത്തെ കരാർ ആണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന് നൽകിയത്. ഇതിനായി നൽകിയ കരാർ തുക 1531 കോടി രൂപയാണ്. ഇതിൽ 1168 കോടി രൂപ നിർമ്മാണ പ്രവർത്തനത്തിനും 363 കോടി രൂപ ഓപ്പറേഷൻ & മെയിന്റനൻസിനുമായാണ് കരാർ ഉറപ്പിച്ചത്. 1168 കോടി രൂപയുടെ 70 ശതമാനം കിഫ്ബിയിൽ നിന്നുമാണ് നൽകുന്നത്. കെ-ഫോൺ വേഗത്തിലാക്കാൻ അടുത്ത വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ 100കോടിരൂപ വകയിരുത്തിയിട്ടുമുണ്ട്.
തദ്ദേശസ്ഥാപനങ്ങളാണ് ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കേണ്ടത്.ഇതുവരെ ലഭിച്ചത് 6581 പേരുടെ പട്ടികയാണ്. പട്ടികയിലുള്ളവർക്ക് ലഭ്യമാക്കാൻ കഴിയുംവിധം ആ മേഖലയിൽ നെറ്റ് വർക്ക് സംവിധാനം ഉറപ്പായിട്ടില്ല. പ്രധാന ലൈൻ കടന്നുപോകുന്നതിനു സമീപമേഖലയാണെങ്കിൽ മാത്രമേ കണക്ഷൻ നൽകാൻ കഴിയൂ. സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് തിരഞ്ഞെടുക്കപ്പെടുന്ന വീടുകൾ മിക്കവാറും വളരെ ഉൾഭാഗത്തായിരിക്കും. കെ-ഫോൺ സംവിധാനത്തിന്റെ പരിമിതികൾ കണക്കിലെടുക്കാതെ നിശ്ചയിച്ച മാനദണ്ഡം ഫലത്തിൽ കെണിയായി. ആർക്കും സേവനം നൽകാൻ കഴിയാത്ത അവസ്ഥ.
തിരിച്ചടിയായത്
1.കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ എയർടെൽ, ജിയോ 5ജി സേവനമെത്തിക്കഴിഞ്ഞു.സംസ്ഥാനം മുഴുവൻ ഏതാനും മാസങ്ങൾക്കുളളിൽ എത്തിക്കുമെന്നാണ് അവർ പറയുന്നത്.
2. സെക്കൻഡിൽ 10 മുതൽ 15വരെ മെഗാബൈറ്റ് വേഗമുള്ള കണക്ഷനുകളാണ് കെ-ഫോൺ നൽകുന്നത്. 5 ജിയുടെ വേഗമാകട്ടെ, സെക്കൻഡിൽ 1000 മെഗാബൈറ്റ്.
3. റിലേ കേന്ദ്രങ്ങൾ, അക്സസ് സെന്ററുകൾ, ഒപ്ടിക്കൽ ഫൈബർ സബ്സെന്ററുകൾ തുടങ്ങിയവ ആവശ്യാനുസരണം സജ്ജമാക്കാൻ കെ-ഫോണിന് കഴിയുന്നില്ല.
Comments are closed.