അരീക്കോട് : വിദ്യാർഥികളെ സമൂഹത്തോട് ചേർത്തു നിർത്തി നടത്തിയ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ അവതരിപ്പിച്ച് അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കൈറ്റ് സിഡിറ്റ് എന്നിവയുടെ സഹകരണത്തോടെ പൊതു വിദ്യാലയങ്ങളിലെ മികവുകൾ പങ്കുവെക്കുന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ ‘ഹരിത വിദ്യാലയം സീസൺ-3’ യിലാണ് സ്കൂൾ പ്രവർത്തനമികവുകൾ അവതരിപ്പിച്ചത്. കോവിഡ് കാലത്ത് സ്കൂളുകൾ നടത്തിയ തനതായ അതിജീവന പ്രവർത്തനങ്ങൾക്കാണ് ഈ വർഷം നടക്കുന്ന റിയാലിറ്റി ഷോയിൽ പ്രാമുഖ്യം നൽകുന്നത്. സംസ്ഥാനത്തെ ആയിരത്തിലധികം മികച്ച വിദ്യാലയങ്ങളിൽ നിന്നും ലഭിച്ച അപേക്ഷകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 109 സ്കൂളുകളാണ് ഇപ്രാവശ്യം റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നത്.
ഓൺലൈൻ ക്ലാസുകൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് വേണ്ടി നിർമ്മിച്ച ‘ഫോട്ടോൺ മീഡിയ സ്റ്റുഡിയോ’, സ്കൂളിന്റെ തനത് ഓൺലൈൻ അക്കാദമിക പദ്ധതിയായ ‘ഒലൈവ് 2.O’, കോവിഡ് കാലത്തെ വേറിട്ട ദിനാചാരണ പരിപാടികൾ എന്നിവക്ക് പുറമെ ‘കൂട്ടായ്മയുടെ കൈപ്പുണ്യം-ഭക്ഷ്യമേള’, ദണ്ഡിയാത്രയുടെ പുനരാവിഷകാരം, ‘ഫെസ്റ്റോലെറ്റ്’, ‘ഉപ്പിലിട്ട ഓർമ്മകൾ’, ‘ഈ വെളിച്ചതിനെന്തൊരു വെളിച്ചം’, ‘കാവലാൾ’, ‘ബിരിയാണിപ്പാടം’ തുടങ്ങിയ സ്കൂളിന്റെ തനത് പ്രവർത്തനങ്ങളും ഷോയിൽ അവതരിപ്പിച്ചു. 68 കുട്ടികൾ USS നേടി സംസ്ഥാനത്ത് ഒന്നാമത്തെത്തിയത് ഉൾപ്പെടെ വിവിധ അക്കാദമിക നേട്ടങ്ങൾ അവതരിപ്പിക്കാനുള്ള വേദി കൂടിയായി റിയാലിറ്റി ഷോ. ഇന്ന് രാത്രി 7.30 നാണ് സ്കൂൾ പങ്കെടുത്ത എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നത് . പ്രധാനധ്യാപകൻ സി പി അബ്ദുൽ കരീം, പി ടി എ പ്രസിഡന്റ് അഷ്‌റഫ് വട്ടിക്കുത്ത്, അധ്യാപകരായ എൻ കെ ജസ്‌ന, എം പി റഹ്മത്തുള്ള, വിദ്യാർത്ഥികളായ നജാഹ്.യു, ശിഫ വൈ. പി,ഹൃദ്യ, എയ്ജസ് റഹ്മാൻ, ഹിദ, അൻസിൽ റഹ്മാൻ, മിൻഹാ മുനീർ, ഹെനൻ മർയം, റെന മൻസൂർ എന്നിവരാണ് സ്കൂൾ പ്രവർത്തനങ്ങൾ ജൂറിക്ക് മുൻപിൽ അവതരിപ്പിച്ചത്. പ്രിൻസിപ്പൽ കെ ടി മുനീബു റഹ്മാൻ, നവാസ് ചീമാടൻ, ഉബൈദുല്ല കെ സി, ഡോ.ലബീദ് എൻ, അഫ്രീൻ പി വി, സജീർ, ഷക്കീല സി എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
Comments are closed.