എന്നെ ഇനി അന്വേഷിക്കേണ്ട! ഇസ്രയേലിലേക്ക്  കൃഷി പഠിക്കാൻ കേരളം അയച്ച സംഘത്തിലെ കാണാതായ കണ്ണൂർ സ്വദേശിയുടെ ആദ്യ സന്ദേശം ഭാര്യയ്ക്ക്

തിരുവനന്തപുരം : ഇസ്രയേലിൽ നിലവിലുള്ള ആധുനിക കൃഷി രീതികളെ കുറിച്ച് പഠിക്കാൻ സംസ്ഥാന കൃഷി വകുപ്പ് അയച്ച 27 കർഷകരിൽ ഒരാളെ കാണാതായ സംഭവം ഏറെ വിവാദമായിരുന്നു. കണ്ണൂർ സ്വദേശിയായ കർഷകൻ ബിജു കുര്യനെയാണ് കാണാതായത്. എന്നാൽ ഇപ്പോൾ കാണാതായ കർഷകൻ നാട്ടിലെ ഭാര്യയെ വിളിച്ചതായി ബന്ധു വെളിപ്പെടുത്തി. ഫെബ്രുവരി 17ന് സംഘം താമസിച്ച ഹെർസ്ലിയയിലെ ഹോട്ടലിൽനിന്നുമാണ് ബിജു അപ്രത്യക്ഷനായത്.

സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നുമാണ് ബിജു ഭാര്യയോട് പറഞ്ഞത്. സഹോദരൻ ബെന്നിയാണ് ബിജു ഭാര്യയെ വിളിച്ച കാര്യം വെളിപ്പെടുത്തിയത്. അതേസമയം ബിജുവിന് അപകടം സംഭവിച്ചിട്ടില്ലെന്ന് കൃഷി മന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.

ഭക്ഷണം കഴിക്കുന്നതിനായി മറ്റൊരു ഇടത്തേക്ക് ബസിൽ പോകുന്നതിനായി സംഘം ഹോട്ടലിൽനിന്നും പുറത്തിറങ്ങിയപ്പോഴാണ് ബിജു മുങ്ങിയത്. ഇവിടെ നിന്നും ബസിൽ കയറവേയാണ് ബിജുവിനെ കാണാനില്ലെന്ന് മറ്റുള്ളവർ മനസിലാക്കിയത്. ഹോട്ടലിൽ നിന്നും ബിജു പാസ്‌പോർട്ട് അടങ്ങിയ ബാഗുമായാണ് ഇറങ്ങിയതെന്ന് സംഘാംഗങ്ങൾ പറഞ്ഞിരുന്നു.

തെരഞ്ഞെടുത്ത 20 കർഷകരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സംഘമാണ് യാത്ര തിരിച്ചിരുന്നത്. അരീക്കോട് കുനിയിൽ സ്വദേശി കോലോത്തും തൊടി അബ്ദുൽ സമദ്, കരുവാരക്കുണ്ട് സ്വദേശി ജോബ് ജോൺ എന്നിവർക്കാണ് മലപ്പുറം ജില്ലയിലെ നിന്നും അവസരം ലഭിച്ചിരുന്നത്. നേരത്തെ മുഖ്യമന്ത്രി ഇടപെട്ട് യാത്ര രണ്ടുമാസത്തേക്ക് നീട്ടിവെക്കാൻ നിർദ്ദേശിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥതല ചർച്ചകൾക്കൊടുവിൽ അനിശ്ചിതത്വങ്ങൾ നീങ്ങി ഫെബ്രുവരി 12ന് തന്നെ സംഘം യാത്ര തിരിച്ചിരുന്നു.

Comments are closed.