വെറ്റിലപ്പാറ : ഗവ: ഹൈസ്കൂൾ വെറ്റിലപ്പാറയിലെ സഹപാഠിക്കൊരു വീട് പദ്ധതിയിലൂടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടക്ക് ആറ് വീടുകൾ പൂർത്തീകരിച്ച് വലിയ മാതൃക സൃഷിട്ടിച്ചിരിക്കുകയാണ് ഇവിടെയുള്ള അധ്യാപകരും വിദ്യാർത്ഥികളും പിടിഎയും നാട്ടുകാരും. ഇന്നലെ നടന്ന സ്കൂൾ വാർഷികത്തിൽ പെരിന്തല്‍മണ്ണ സബ്കലക്ടർ ശ്രീധന്യ ഐ.എ.എസ് ആറാമത്തെ വീടിൻ്റെ താക്കോൽദാനം നിർവഹിച്ചു. സഹപാഠിക്ക് ഒരു വീട് കോഡിനേറ്റർ മജീദ് വെറ്റിലപ്പാറ മുൻ അധ്യാപകൻ സാദിഖലി എന്നിവർ താക്കോൽ ഏറ്റുവാങ്ങി.
സ്കൂൾ പഠന പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ഗൃഹ സന്ദർശന വേളയിലാണ് സുരക്ഷിതമായി കിടന്നുറങ്ങാൻ വീടുകൾ ഇല്ലാത്ത സഹപാഠികളെ വിദ്യാർത്ഥികളും അധ്യാപകരും കണ്ടെത്തുന്നത്. തങ്ങളുടെ കൂട്ടുകാരെ സഹായിക്കണമെന്ന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ആഗ്രഹത്തിൽ നിന്നാണ് സഹപാഠിക്കൊരു വീട് കൂട്ടായ്മ വെറ്റിലപ്പാറ ഗവൺമെൻ്റ് ഹൈസ്കൂളിൽ രൂപപ്പെടുന്നത്. ആറാമത്തെ വീടിന്റെ നിർമ്മാണ പൂർത്തീകരണത്തിന് വിപുലമായ രൂപത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുകയും അതിൽനിന്ന് സ്വരൂപിച്ച പണംകൊണ്ടാണ് ആറാമത്തെ വീടിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ സാധിച്ചത് എന്നും കോർഡിനേറ്റർ മജീദ് വെറ്റിലപ്പാറ സൂചിപ്പിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർമാരായ ദീപ രജിദാസ്, ബഷീർ, ജിനേഷ് ഷിജിത, പി ടി എ പ്രസിഡന്റ് ഉസ്മാൻ പാറക്കൽ, ഹെഡ്മിസ്ട്രസ് ലൗലി ജോൺ, റോജൻ പി ജെ എന്നിവർ സംസാരിച്ചു. വൈകുന്നേരം നടന്ന സ്കൂൾ വാർഷികം പ്രശസ്ത നാടൻപാട്ട് കലാകാരൻ കലാഭവൻ സതീഷ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വ്യത്യസ്ത കലാപരിപാടികൾ നടക്കുകയുണ്ടായി. നൂറുകണക്കിന് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു ആറാമത്തെ വീടിൻ്റെ താക്കോൽദാനവും സ്കൂൾ വാർഷികവും നടന്നത്.
Comments are closed.