നഷ്ടപരിഹാരം തുച്ഛം; ‘സ്വയം സന്നദ്ധർ’ ആവാതെ മലയോരം

മലപ്പുറം/ഊർങ്ങാട്ടിരി: മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കുന്നതിനും പ്രകൃതി ദുരന്തങ്ങൾക്കെതിരെയുള്ള മുൻകരുതലും ലക്ഷ്യമിട്ട് വനത്തോട് ചേർന്നുള്ള ആദിവാസികൾ ഒഴികെയുള്ള കുടുംബങ്ങളെ പ്രതിഫലം നൽകി പുനരധിവസിപ്പിക്കുന്ന സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയിൽ ജില്ലയിൽ നിന്ന് അപേക്ഷകരില്ല. നഷ്ടപരിഹാര തുക കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭൂമി വിട്ടുകൊടുക്കാൻ ആരും തയ്യാറാവാത്തത്. ഒരുഹെക്ടറിന് പത്ത് മുതൽ 15 ലക്ഷം രൂപ വരെയാണ് സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരം. മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്ന ആവശ്യം മലയോരം ഉയർത്തുമ്പോഴും ഇതിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. ഒരുവർഷം മുമ്പ് തുടക്കമിട്ട പദ്ധതിയിൽ സംസ്ഥാനത്ത് 320 പേർ പങ്കാളികളായിട്ടുണ്ട്. കൊല്ലം – 190, വയനാട് – 88, കണ്ണൂർ -35, ഇടുക്കി – ഏഴ് പേർ എന്നിങ്ങനെയാണ് പദ്ധതിയുമായി സഹകരിച്ചത്.

ബഫർ സോൺ വിവാദസമയത്ത് ജില്ലയിൽ ഭൂവുടമകളുടെ പ്രത്യേക യോഗം വിളിച്ച് പദ്ധതിയെ കുറിച്ച് പ്രചാരണം നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. ഭൂമിക്കുള്ള തുകയ്ക്ക് പുറമെ വീടിനും കൃഷിക്കും അധിക തുക നൽകുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും വ്യക്തതക്കുറവ് പദ്ധതിയോട് മുഖംതിരിക്കാൻ കാരണമായിട്ടുണ്ട്. നിർമ്മിതികളുടെ വില പൊതുമരാമത്ത് വകുപ്പും കാർഷിക വിളകളുടെ വില കൃഷി വകുപ്പുമാണ് തീരുമാനിക്കുക. സർക്കാർ അനുവദിക്കുന്ന തുക ഭൂമിയുടെയും കെട്ടിടങ്ങളുടെയും വിപണി വിലയെ പ്രതിഫലിപ്പിക്കുന്നത് അല്ലെന്നും തുക വർദ്ധിപ്പിക്കണമെന്നുമാണ് മലയോരവാസികളുടെ ആവശ്യം.

ജില്ലയുടെ മലയോര മേഖലകളിൽ വന്യമൃഗ ശല്യം രൂക്ഷമാണ്. ഊർങ്ങാട്ടിരി പഞ്ചായത്ത് പരിധിയിലെ തോട്ടുമുക്കം, കക്കാടംപൊയിൽ, വെണ്ടേക്കുംപൊയിൽ, ഓടക്കയം പ്രദേശങ്ങളിലും ചാലിയാർ പഞ്ചായത്തിൽ വൈലാശ്ശേരി, അന്നുണ്ട, മൈലാടി മേഖലകളിലും കാട്ടാന ശല്യത്തിൽ പൊറുതിമുട്ടിയ നാട്ടുകാർ കഴിഞ്ഞ ദിവസം അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനിൽ പ്രതിഷേധവുമായി എത്തിയിരുന്നു. നിലമ്പൂർ,​ മമ്പാട്,​ കരുവാരക്കുണ്ട്,​ വഴിക്കടവ് മേഖലകളിൽ കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളും പിന്നിട്ട് അങ്ങാടികളിൽ ഇറങ്ങുന്നത് പതിവായിട്ടുണ്ട്. വന്യജീവി ശല്യം മൂലം ജീവിതം ദുസ്സഹമായതോടെ മാറിതാമസിക്കണമെന്ന് ആഗ്രഹിക്കുന്നവരെ പോലും തൃപ്തിപ്പെടുത്താൻ സർക്കാരിന്റെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിക്ക് കഴിയുന്നില്ല.

നഷ്ടപരിഹാര തുക ഉപയോഗിച്ച് മറ്റൊരിടത്ത് വീടും സ്ഥലവും വാങ്ങാൻ സാധിക്കില്ല എന്നതാണ് ഇവരെ ആശങ്കപ്പെടുത്തുന്നത്. നഷ്ടപരിഹാര അപേക്ഷകളും വനം വകുപ്പ് ഓഫീസുകളിൽ തീ‌ർപ്പാകാതെ കിടക്കുന്നുണ്ട്. നിലമ്പൂർ നോർത്ത് ഡിവിഷനിൽ 287ഉം സൗത്ത് ഡിവിഷനിൽ 64ഉം അടക്കം 351 അപേക്ഷകളുണ്ട്.

Comments are closed.