പൊതു ഗതാഗതത്തോട് വിമുകത; 65 ലക്ഷം യാത്രക്കാ‌ർ ബസ് ഉപേക്ഷിച്ചു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെയും സ്വകാര്യ മേഖലയിലെയും ബസുകളെ ആശ്രയിക്കുന്ന യാത്രക്കാരിൽ 65 ലക്ഷം പേർ കഴിഞ്ഞ 10 വർഷത്തിനിടെ പൊതു ഗതാഗതം ഉപേക്ഷിച്ച് സ്വകാര്യ വാഹനങ്ങളിലേക്കു മാറി. രണ്ടു വർഷത്തിനുള്ളിൽ 17 ലക്ഷം പേരോളമാണ് പൊതു ഗതാഗതം ഉപേക്ഷിച്ചത്. ഈ വർഷം മാത്രം 10 ലക്ഷം യാത്രക്കാരെ നഷ്ടപ്പെടാനിടയുണ്ട്. വാഹനത്തിരക്കും ഇന്ധന ഉപഭോഗവും കുറയ്ക്കുകയെന്ന പൊതുലക്ഷ്യമാണ് ഇതോടെ തകരുന്നത്. പൊതുഗതാഗതത്തോടുള്ള കേരളത്തിലെ ജനങ്ങളുടെ വിമുഖത മെട്രോ സർവീസുകൾക്കും തിരിച്ചടിയാണ്. എത്ര ട്രിഫിക് ജാമിൽപ്പെട്ടാലും സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യാനാണ് മിക്കവരും ശ്രമിക്കുന്നത്. ഡൽഹിയിൽ ഉൾപ്പെടെ പൊതുഗതാഗതം ജനകീയമാകുമ്പോഴാണ് കേരളത്തിൽ ഈ ദുഃസ്ഥിതി. പൊതു ഗതാഗതത്തെ ആശ്രയിക്കാൻ പറ്റാത്ത നിലയാണ് കേരളത്തിലുള്ളതെന്നാണ് മറുവാദം.

ഗതാഗത വകുപ്പിന്റെ കണക്കു പ്രകാരം 2013 ൽ 1.32 കോടി യാത്രക്കാർ ബസുകളെ ആശ്രയിച്ചിരുന്നു. വീട്ടു പടിക്കൽ ബസ് എത്തുന്ന ഫസ്റ്റ് മൈൽ, ലാസ്റ്റ് മൈൽ കണക്ടിവിറ്റിയിലൂടെ യാത്രക്കാരെ കൂടുതൽ ആകർഷിക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ആർ.ടി.സി. ചെറുവഴികളിൽ നിന്നു പ്രധാന പാതകളിലേക്ക് ചെറുബസുകൾക്കൊപ്പം ഓട്ടോറിക്ഷകളെയും വിന്യസിക്കാനാണ് നീക്കം.

Comments are closed.