ഗ്രീൻഫീൽഡ് ഹൈവേ; ജില്ലയിൽ ത്രീ ഡി വിജ്ഞാപനം പുറത്തിറങ്ങി

അരീക്കോട്: കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാതക്കായി മലപ്പുറം ജില്ലയിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ത്രീ ഡി വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. ഞായറാഴ്ചയാണ് 3400 കൈവശക്കാരുടെ ഭൂമി ഏറ്റെടുക്കുന്നതിന് ത്രിമാന വിജ്ഞാപനം ആയത്. ഭൂമിയുടെ സർവ്വേ നമ്പറുകൾ, സബ് ഡിവിഷൻ, ഭൂവുടമകളുടെ പേര്, എത്ര സെൻ്റാണ് ഏറ്റെടുക്കുന്നത് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ത്രീ ഡി വിജ്ഞാപനം പുറത്തിറക്കിയത്.

ഇതോടെ ഏറ്റെടുക്കുന്ന ഭൂമി പൂർണ്ണമായും കേന്ദ്രസർക്കാറിന്റെ അധീനതയിലായി. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ നവംബർ നാലിന് ത്രീ ഡി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 45 മീറ്റർ വീതിയിൽ 53 കിലോമീറ്റർ ആണ് മലപ്പുറം ജില്ലയിലൂടെ പാത കടന്നുപോകുന്നത്. ഇതിനായി 15 വില്ലേജുകളിൽ നിന്ന് 239.32 ഹെക്ടർ ഭൂമി ഏറ്റെടുക്കും. ഭൂമിയുടെ ഫീൽഡ് സർവ്വേ നേരത്തെ പൂർത്തിയായിരുന്നു. അന്തിമ റിപ്പോർട്ട് അധികൃതർ ദേശീയപാത അതോറിറ്റിക്ക് കൈമാറി. വാഴയൂർ, വാഴക്കാട്, ചീക്കോട്, അരീക്കോട്, മുതവല്ലൂർ, കാവനൂർ, പെരകമണ്ണ, കാരക്കുന്ന്, എളങ്കൂർ, പോരൂർ, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, തുവ്വൂർ, ഇടപ്പറ്റ, കരുവാരക്കുണ്ട് വില്ലേജുകളിലൂടെയാണ് പാത കടന്നുപോകുന്നത്.

നഷ്ടപരിഹാരത്തുക നിർണ്ണയിക്കുന്ന നടപടികൾ ഉടൻ പൂർത്തിയാകും. ഏറ്റെടുക്കുന്ന ഭൂമിയിൽ പൂർണതോതിലുള്ള 947 കെട്ടിടങ്ങളും 1550 കൈവശങ്ങളിൽ മറ്റ് നിർമ്മിതികളും ഉണ്ട്. 35,991 മരങ്ങളും 1,99,088 കാർഷിക വിളകളും ഉണ്ട്. വിശദമായ റിപ്പോർട്ട് അതത് വകുപ്പുകൾക്ക് കൈമാറി. കാർഷിക വിളകളുടെ നഷ്ടപരിഹാരം കൃഷിവകുപ്പും, മരങ്ങളുടേത് വനം വകുപ്പും, ഭൂമിയുടേത് റവന്യൂ വകുപ്പും, കെട്ടിടങ്ങളുടേത് പൊതുമരാമത്ത് വകുപ്പുമാണ് കണക്കാക്കുന്നത്. ഇവർ നിശ്ചയിക്കുന്ന വിലയുടെ ഇരട്ടി തുക നഷ്ടപരിഹാരമായി നൽകും.

2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഏറ്റെടുക്കുന്ന ഭൂമിക്കും നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും. നഷ്ടപരിഹാരത്തിന്റെ 75% ദേശീയപാത അതോറിറ്റിയും 25% സംസ്ഥാന സർക്കാരും വഹിക്കും. ഭൂമി, കെട്ടിടങ്ങൾ, മറ്റു നിർമ്മിതികൾ, കാർഷിക വിളകൾ, മരങ്ങൾ എന്നിവയ്ക്ക് തരം തിരിച്ച് തന്നെ നഷ്ടപരിഹാരം നൽകും.

മേഖലയിലെ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ഭൂമിയുടെ ഉയർന്ന വില കണക്കാക്കി ഇതിന്റെ 50% ഉയർത്തിയാകും നഷ്ടപരിഹാരം നിശ്ചയിക്കുക. വരും ദിവസങ്ങളിൽ ഭൂവുടമകളുടെ രണ്ട് ഹിയറിങ് ഉടൻ ഉണ്ടാകും. സ്ഥലം വിട്ടു നിൽക്കുന്നതിനുള്ള രേഖകൾ ഹാജരാക്കുന്നവർക്ക് നഷ്ടപരിഹാരം വിതരണം വേഗത്തിലാക്കും. രേഖകൾ സമർപ്പിക്കാത്തവർക്ക് രണ്ടുമാസം സമയം അനുവദിക്കും. എന്നിട്ടും സമർപ്പിക്കാത്തവർക്ക് ഒഴിഞ്ഞു പോകാൻ നോട്ടീസ് നൽകും. ഇതുമായി സഹകരിക്കാത്തവരുടെ നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെച്ച് ഒഴിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.

Comments are closed.