മലപ്പുറം: ഇരുചക്രവാഹനങ്ങളിൽ ചീറിപ്പായും മുമ്പ് മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും അപകട കണക്കുകൾ മനസ്സിലോർക്കുന്നത് നല്ലതാണ്. ജില്ലയിൽ കഴിഞ്ഞ വർഷം 321 പേർ വാഹനാപകടങ്ങളിൽ മരിച്ചപ്പോൾ ഇതിൽ 182 പേരും ഇരുചക്ര വാഹന യാത്രക്കാരാണ്. 53 പേർ ബൈക്കിൽ പിന്നിലിരുന്ന് യാത്ര ചെയ്തവരും. അമിതവേഗതയും അശ്രദ്ധയുമാണ് പ്രധാന വില്ലൻ. പൊലീസും മോട്ടോർ വാഹന വകുപ്പും നിരത്തുകളിൽ പരിശോധന ശക്തമാക്കിയിട്ടും ഇരുചക്ര വാഹനാപകടങ്ങൾക്ക് കാര്യമായ കുറവില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കൊല്ലം ജില്ലകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് മലപ്പുറത്താണ്. മരണപ്പെടുന്നവരുടെ എണ്ണത്തിലും ജില്ല മുന്നിലാണ്.
2021 ജനുവരി മുതൽ ഈ വർഷം ജനുവരി വരെ 419 ഇരുചക്ര യാത്രികരുടെ ജീവനാണ് നിരത്തുകളിൽ പൊലിഞ്ഞത്. ഇതിൽ 123 പേർ സ്‌കൂട്ടർ യാത്രക്കാരും 296 പേർ ബൈക്ക് യാത്രക്കാരുമാണ്. ഇക്കാലയളവിൽ ഇരുചക്ര വാഹനാപകടങ്ങളിൽ 3,387 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിൽ 1,001 പേർ സ്‌കൂട്ടറും 2,386 പേർ ബൈക്കുമാണ് ഓടിച്ചിരുന്നത്. ഇതിൽ നല്ലൊരു പങ്കും 18നും 25നും ഇടയിൽ പ്രായമുള്ളവരാണ്. 17 വയസ്സിന് താഴെയുള്ള കുട്ടികളും അപകടത്തിൽപെട്ടിട്ടുണ്ട്.
പരിശോധനകൾ മറികടക്കാനായി ഐ.എസ്.ഒ മാർക്കില്ലാത്ത ഹെൽമെറ്റുകൾ ഉപയോഗിക്കുന്നതും പരിക്കുകൾ ഗുരുതരമാക്കുന്നുണ്ട്. ഒരുവർഷത്തിനിടെ ഹെൽമെറ്റില്ലാതെ വാഹനമോടിച്ചതിന് 25,199 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. നിരത്തുകളിലെ പൊലീസ്, മോട്ടോർ വാഹന വകുപ്പ് പരിശോധന വാഹനങ്ങളുടെ ലൈറ്റ് ഉപയോഗിച്ച് മറ്റ് യാത്രക്കാരെ അറിയിക്കുന്ന പ്രവണതയ്ക്കും ജില്ലയിൽ കുറവില്ല. നിയമലംഘകർക്ക് സഹായമേകുക മാത്രമല്ല, അപകടങ്ങളിലേക്ക് അവരെ എത്തിക്കുന്ന നടപടി കൂടിയാണിതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. രക്ഷിതാക്കളുടെ ജാഗ്രതക്കുറവും അവബോധമില്ലായ്മയും കുട്ടികൾ ബൈക്കപകടങ്ങളിൽ പെടുന്നതിലേക്ക് വഴിവയ്ക്കുന്നുണ്ട്. പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടികൾക്ക് ബൈക്ക് ഓടിക്കാൻ നൽകിയതിന് ഈമാസം രണ്ട് കേസുകളിലായി കുട്ടികളുടെ ബന്ധുക്കൾക്ക് 55,250 രൂപ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പിഴയായി വിധിച്ചിരുന്നു.
Comments are closed.