മാഗസിൻ പുറത്തിറക്കി ജിഎച്ച്എസ്എസ് അരീക്കോട് വിദ്യാർത്ഥികൾ

അരീക്കോട്: അരീക്കോട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ജേർണലിസം വിദ്യാർത്ഥികൾ പുതിയ മാഗസിൻ പുറത്തിറക്കി. വിദ്യാർത്ഥികളുടെ കഥ, കവിത, തുടങ്ങിയ എഴുത്തുകൾ ഉൾപ്പെട്ട മാഗസിൻ സ്കൂൾ പ്രിൻസിപ്പൾ മുഫീദ സി എ ഉദ്ഘാടനം ചെയ്തു. പൂർണ്ണമായും നിർമിത ബുദ്ധിയിലൂടെ ചിത്രങ്ങൾ ചെയ്തെടുത്ത് പുറത്തിറങ്ങുന്ന ആദ്യ മാഗസിനാണ് ‘കമ്മ്യൂണിറ്റി സൈൻസ്.

പുതിയ കാലത്തെ ക്രിയാത്മകതയുടെ ചലനങ്ങളാണ് മാഗസിന്റെ പ്രമേയം. “ക്രിയാത്മകതയുടെ നിർവചനങ്ങൾ സാങ്കേതിക വിദ്യയിലധിഷ്ഠിതമായി രൂപാന്തരപ്പെടുകയാണ്. നിർമിതബുദ്ധി എല്ലാ മേഖലയിലേക്കും കടന്നുകൊണ്ടിരിക്കുന്നു. മനുഷ്യനും ടെക്നോളജികളും ചേർന്നാണ് പുതിയ സർഗ്ഗസൃഷ്ടികൾ ഉണ്ടാവുന്നത്. പുതുതലമുറയുടെ എല്ലാ കലാ പ്രവർത്തികളിലും ടെക്നോളജിയുടെ സ്വാധീനം കാണാം. ഇതിനർത്ഥം ക്രിയാത്മകത നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്നല്ല. കാലാന്തരങ്ങളിൽ അത് മറ്റൊരു തരത്തിൽ കരുത്താർജിക്കുന്നു എന്നുതന്നെയാണ്.”

ചടങ്ങിൽ സ്കൂളിലെ അധ്യാപകരായ ശിഹാബ്, നൗഷാദ്, അനിൽ കുമാർ, സീന ഷുക്കൂർ, ദിലീപ് കുമാർ, മുനവ്വർ അലി, സൗമ്യ എന്നിവർ സംസാരിച്ചു. സ്റ്റുഡന്റ് എഡിറ്റർ തമന്ന ബിൻത് സലീം ലൈബ്രറി കോപ്പി ലൈബ്രറി ചാർജുള്ള ഷുക്കൂർ മാസ്റ്റർക്ക് കൈമാറി. മുമ്പ് കമ്മ്യൂണിറ്റി സൈൻസ് എന്ന പേരിൽ ന്യൂസ്‌ പോർട്ടലും വിദ്യാർത്ഥികൾ തയ്യാറാക്കിയിരുന്നു.

Comments are closed.