ജല അതോറിറ്റി വിതരണം പരിമിതപ്പെടുത്തി : കുടിവെളളത്തിനുപോലും വലഞ്ഞ് അരീക്കോട്ടുകാർ

അരീക്കോട്: ചാലിയാറിൽ വെള്ളമുണ്ടെങ്കിലും തീരത്തുള്ള അരീക്കോട് നിവാസികൾക്ക് മിക്കപ്പോഴും കുടിവെള്ളം ലഭിക്കുന്നില്ല. പഞ്ചായത്തിലെ ഭൂരിഭാഗവും ഉയർന്ന പ്രദേശങ്ങളായതിനാൽ കിണർ കുഴിച്ച് വെള്ളമെടുക്കൽ പലർക്കും പ്രായോഗികമല്ല. ഭൂരിഭാഗം ജനങ്ങളും കുടിവെള്ളത്തിന് ആശ്രയിക്കുന്നത് ജല അതോറിറ്റിയെയാണ്. ഈ ജലവിതരണം ഇപ്പോൾ മൂന്നുദിവസത്തിലൊരിക്കൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

കണക്‌ഷനുകൾ വർധിച്ചതും ചാലിയാറിൽനിന്ന് ശുദ്ധീകരണപ്ലാന്റിലേക്ക് വെള്ളമെത്തിക്കുന്ന മോട്ടോറിന്റെ ശക്തി കുറവാണെന്നതുമാണ് അധികൃതർ നിയന്ത്രണത്തിനു കാരണമായി പറയുന്നത്. വിവരാവകാശരേഖകൾ പ്രകാരം അരീക്കോട് പഞ്ചായത്തിൽ 314 കൊമേഴ്സ്യൽ കണക്‌ഷനുകളും 4755 ഗാർഹിക കണക്‌ഷനുകളുമാണുള്ളത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 2594 പുതിയ കണക്‌ഷനുകൾ നൽകിയിട്ടുണ്ട്. ഇതിനുപുറമേ കേന്ദ്രസർക്കാരിന്റെ ജൽജീവൻ മിഷൻ പദ്ധതി പ്രകാരവും പുതിയ നൂറുകണക്കിന് കണക്‌ഷനുകൾ നൽകികൊണ്ടിരിക്കുന്നുണ്ട്. പദ്ധതിപ്രകാരം കഴിഞ്ഞമാസങ്ങളിൽ 2000 പുതിയ കണക്‌ഷനുകൾ നൽകിയിട്ടുണ്ട്.

ജൽജീവൻ മിഷൻ പദ്ധതിപ്രകാരം ഒരു ടാപ്പ് മാത്രം സ്ഥാപിച്ച് കണക്‌ഷൻ നൽകുമ്പോൾ കരാറുകാരന് 7500 രൂപ ലഭിക്കുന്നതിനാൽ അനിയന്ത്രിതമായി കണക്‌ഷൻ നൽകുന്നതായി പരാതിയുണ്ട്.

Comments are closed.