മഞ്ചേരി: ഭാരത്‌മാല പദ്ധതിപ്രകാരം നിർമിക്കുന്ന കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് പാതയ്ക്കായി ജില്ലയിൽ സ്ഥലമേറ്റെടുക്കുന്നതിന് ഭൂവുടമകളുടെ വാദംകേൾക്കൽ (ഹിയറിങ്-3ജി) തുടങ്ങി. ഭൂമിയേറ്റെടുക്കൽ വിഭാഗത്തിന്റെ മഞ്ചേരിയിലെ ഓഫീസിനുകീഴിൽ ടൗൺഹാളിലാണ് നടപടികൾ പുരോഗമിക്കുന്നത്. ആദ്യദിനത്തിൽ അരീക്കോട്, എളങ്കൂർ, പോരൂർ വില്ലേജുകളിൽനിന്നായി 307 പേർ ഹാജരായി.
ഇവരുടെ വസ്തുവകകളുടെ അസൽ രേഖകൾ അധികൃതർ പരിശോധിച്ചു. കൊണ്ടുവന്ന രേഖകൾക്ക് അധികൃതർ രസീതുനൽകി. ബാക്കിയുള്ളവ ഹാജരാക്കാൻ വരുംദിവസങ്ങളിൽ നോട്ടീസ് നൽകും. അരീക്കോട്, എളങ്കൂർ, ചെമ്പ്രശ്ശേരി വില്ലേജുകളിൽ ഏതാണ്ട് എഴുന്നൂറ്റൻപതിലധികം കൈവശക്കാരുടെ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. എല്ലാവരുടെയും വാദംകേൾക്കൽ ബുധനാഴ്‌ച പൂർത്തിയാകാത്ത സാഹചര്യത്തിൽ അടുത്തദിവസങ്ങളിലും തുടരും. പ്രത്യേക യൂണിറ്റായി തിരിച്ചാണ് നടത്തുന്നത്.
ജില്ലയിൽ വാഴയൂർ, വാഴക്കാട്, ചീക്കോട്, അരീക്കോട്, മുതുവല്ലൂർ, കാവനൂർ, പെരകമണ്ണ, കാരക്കുന്ന്, എളങ്കൂർ, പോരൂർ, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, തുവ്വൂർ, എടപ്പറ്റ, കരുവാരക്കുണ്ട് വില്ലേജുകളിലിൽനിന്നായി 238 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 3400 കൈവശക്കാരിൽനിന്നാണിത്. മുഴുവൻപേരുടെയും വാദംകേൾക്കൽ 14-നകം പൂർത്തിയാക്കാനാണ് നിർദേശം. തുടർന്ന് നഷ്ടപരിഹാരത്തുകയ്ക്കുള്ള രൂപരേഖ തയ്യാറാക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഭൂവുടമകൾക്കു നൽകും. സ്ഥലമേറ്റെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറുടെ അക്കൗണ്ടിൽ മാർച്ച് 31-നുള്ളിൽ നഷ്ടപരിഹാരത്തുകയെത്തും. മുഴുവൻ രേഖകളും കൈമാറിയവർക്ക് ദിവസങ്ങൾക്കുള്ളിൽത്തന്നെ തുക വിതരണംചെയ്യും.
Comments are closed.