അരീക്കോട്: ജലക്ഷാമം രൂക്ഷമാകുമ്പോഴും വിവിധയിടങ്ങളിൽ കുടിവെള്ള പൈപ്പുകൾ പൊട്ടുന്നതും ശുദ്ധജലം പാഴാവുന്നതും പതിവാകുന്നു. ഗ്രാമീണമേഖലയിൽ അടുത്തിടെ സ്ഥാപിച്ച കുടിവെള്ള പൈപ്പുകൾ പലതും പൊട്ടുന്നത് റോഡുകളുടെ തകർച്ചയ്ക്കും കാരണമാകുന്നുണ്ട്. അരീക്കോട് താഴത്ത്മുറി വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി മാസങ്ങളായി കുടിവെള്ളം പാഴാകുന്നുണ്ട്. വറ്റി വരണ്ട സ്ഥലങ്ങളിൽ അപ്രതീക്ഷിതമായ വെള്ളക്കെട്ടുകൾ ശ്രദ്ധയിൽപെടുന്ന നാട്ടുകാർ നടത്തുന്ന പരിശോധനയിലാണ് പലപ്പോഴും കുടിവെള്ളം പാഴാവുന്നത് കണ്ടെത്തുന്നത്. സംസ്ഥാനപാതയുടെ അരികിലൂടെ പോകുന്ന വലിയ മെയിൽ പൈപ്പുകൾ ഉൾപ്പെടെ, ഗാർഹിക ഉപഭോക്താക്കൾക്കുള്ള ചെറിയ ലൈനുകൾ വരെ പൊട്ടിയാണ് വെള്ളം പാഴാകുന്നത്.
കാടു മൂടിക്കിടന്ന പാതയോരത്ത് കൂടി പോകുന്ന പൈപ്പുകൾ കാണാനാവില്ലെന്നതിനാൽ എവിടെയാണ് പൈപ്പുകൾ പൊട്ടിയതെന്ന് തിരിച്ചറിയാനാവില്ല. കടുത്ത വേനലിൽ കുടിവെള്ളമില്ലാതെ ജനങ്ങൾ വലയുമ്പോഴാണ് അധികൃതരുടെ അനാസ്ഥമൂലം ഇത്തരത്തിൽ കുടിവെള്ളം പാഴാവുന്നത്. ജലക്ഷാമം രൂക്ഷമാകും മുമ്പ് കുടിവെള്ളം പാഴാവുന്നത് തടയാൻ നടപടി ഊർജ്ജിതപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാർത്തയിൽ നൽകിയ ചിത്രത്തിൽ കാണുന്നത് താഴത്ത്മുറി പഞ്ചായത്ത് റോഡിന് സമീപത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതാണ്. മാസങ്ങളായി ഇവിടെ വെള്ളം പാഴാകുന്നുണ്ട്. വാട്ടർ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പർ ഉൾപ്പെടെയുള്ള വിവിധ സംവിധാനങ്ങളിൽ നിരവധി തവണ പരാതി നൽകിയെങ്കിലും ഇതുവരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. രാത്രി സമയങ്ങളിൽ ആണ് വെള്ളം കടത്തിവിടുന്നത് എന്നതിനാൽ പകൽ സമയത്ത് ആരും ശ്രദ്ധിക്കാത്തതും ഉദ്യോഗസ്ഥ അനാസ്ഥയ്ക്ക് തുണയാകുന്നുണ്ട്.
Comments are closed.