നീതിതേടി കോടതികളിൽ 20.76 ലക്ഷം കേസുകൾ

മലപ്പുറം ജില്ലയിൽ 24549 സിവിൽ കേസുകളും, 49402 ക്രിമിനൽ കേസുകളും ഉൾപ്പെടെ 73951 കേസുകളാണ് ജില്ലയിൽ മാത്രമുള്ളത്

മലപ്പുറം : ഹൈക്കോടതി ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നത് 20.76 ലക്ഷം കേസുകൾ. നാഷണൽ ജുഡിഷ്യൽ ഡേറ്റാ ഗ്രിഡിന്റെ കണക്ക് പ്രകാരം ഹൈക്കോടതിയിൽ 1.94 ലക്ഷവും ജില്ല, മജിസ്ട്രേട്ട്, മുൻസിഫ് കോടതികളിലായി​ 18.82 ലക്ഷവും കേസുകളുമാണുള്ളത്. കൊവിഡിന് ശേഷം വീഡിയോ കോൺഫറൻസിംഗിലൂടെയുള്ള വാദം കേൾക്കൽ ആരംഭിച്ചത് ഗുണകരമായെങ്കിലും ദിനംപ്രതി ഫയൽ ചെയ്യുന്ന കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് വെല്ലുവിളിയായി.

പത്തുവർഷത്തിലധികം പഴക്കമുള്ള 48,213 കേസുകളാണുള്ളത്. ഇതിൽ 29,233 കേസുകൾ ഹൈക്കോടതിയിലും 18,980 കേസുകൾ കീഴ്‌ക്കോടതികളിലുമാണ്. ഹൈക്കോടതിയിൽ പത്തുവർഷത്തിലധികം പഴക്കമുള്ള കേസുകളിൽ 16,845 സിവിൽ കേസുകളും 12393 ക്രിമിനൽ കേസുകളുമാണ്. ഹൈക്കോടതിയിൽ തീർപ്പാകാനുള്ളവയിൽ മുതിർന്ന പൗരന്മാർ ഫയൽ ചെയ്ത 2683 കേസുകളും വനിതകളുടെ 7013 കേസുകളുമുണ്ട്. കീഴ്ക്കോടതി​കളി​ൽ തീർപ്പാക്കേണ്ടവയിൽ കൂടുതലും ക്രിമിനൽ കേസുകളാണ്. 13.66 ലക്ഷം ക്രിമിനൽ കേസുകളും 5.16 ലക്ഷം സിവിൽ കേസുകളും.

തീർപ്പാക്കാനുള്ള കേസുകളുടെ എണ്ണത്തിൽ മുന്നിൽ തിരുവനന്തപുരവും പിന്നിൽ വയനാടുമാണ്. തിരുവനന്തപുരത്തെ കോടതികളിൽ ആകെ 4.05 ലക്ഷം കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. 83,949 സിവിൽ കേസുകളും 3,21,517 ക്രിമിനൽ കേസുകളും. വയനാട് 25,253 കേസുകളാണ് തീർപ്പാക്കാനുള്ളത്. 5,144 സിവിലും 20,109 ക്രിമിനൽ കേസുകളും. മലപ്പുറം ജില്ലയിൽ 24549 സിവിൽ കേസുകളും, 49402 ക്രിമിനൽ കേസുകളും ഉൾപ്പെടെ 73951 കേസുകളാണ് ജില്ലയിൽ മാത്രമുള്ളത്.

Comments are closed.