ഹൈ റിച്ച് തട്ടിപ്പ്; കെ ഡി പ്രതാപനെ ആറസ്റ്റ് ചെയ്തു ഇഡി

കൊച്ചി: ഓൺലൈൻ മള്‍ട്ടിലെവല്‍ മാർക്കറ്റിങ് കമ്ബനിയായ ഹൈറിച്ചിന്റെ ഉടമ കെ.ഡി. പ്രതാപനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തതോടെ ചുരുളഴിയുന്നത് സാധാരണക്കാരടക്കം ലക്ഷക്കണക്കിന് മനുഷ്യരെ വലയിലാക്കി നടത്തിയ കോടികളുടെ തട്ടിപ്പ്.

ഇ.ഡിയുടെ കൊച്ചി ആസ്ഥാനത്ത് വിളിച്ചുവരുത്തി മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്നലെ രാത്രി ഇയാളെ അറസ്റ്റ് ചെയ്തത്.

 

ഏതാനും ദിവസമായി പ്രതാപനെയും ഭാര്യയെയും കൊച്ചി ഓഫിസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തുവരുകയായിരുന്നു. കേസില്‍ നിർണായക കണ്ടെത്തലുകള്‍ നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് ഇ.ഡി വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രതാപനെ വെള്ളിയാഴ്ച കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കും. വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് വിശദമായ ചോദ്യം ചെയ്യലിനാണ് ഇ.ഡി ഒരുങ്ങുന്നത്.

 

കോടികളുടെ കള്ളപ്പണ ഇടപാട്; പണം വിദേശത്തേക്ക് കടത്തി

 

സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ സാമ്ബത്തിക തട്ടിപ്പാണ് ഹൈറിച്ചിന്‍റെ മറവില്‍ നടന്നതെന്ന് ഇ.ഡി വ്യക്തമാക്കുന്നു. കോടികളുടെ കള്ളപ്പണ ഇടപാട് നടത്തി പണം വിദേശത്തേക്ക് കടത്തിയെന്നാണ് പ്രതാപനെതിരായ കേസ്. തുടക്കത്തില്‍ കേസ് അന്വേഷണം നടത്തിയത് പൊലീസായിരുന്നു.

 

ഇരുപതോളം സാമ്ബത്തിക തട്ടിപ്പ് കേസുകളാണ് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഹൈറിച്ച്‌ ഉടമകള്‍ക്കെതിരെയുണ്ടായിരുന്നത്. പണം നഷ്ടപ്പെട്ടവരുടെ പരാതിയിലായിരുന്നു കേസുകള്‍. കേസ് സി.ബി.ഐക്ക് കൈമാറാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് കള്ളപ്പണ ഇടപാടുകളിലെ വിശദമായ പരിശോധനയിലേക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കടന്നത്.

 

കെ.ഡി. പ്രതാപൻ സാമ്ബത്തിക സ്ഥാപനങ്ങള്‍ വഴി നിക്ഷേപം സ്വീകരിച്ച്‌ വലിയതോതില്‍ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനങ്ങളിലടക്കം വിവിധയിടങ്ങളില്‍ ഇ.ഡി റെയ്ഡുകള്‍ നടത്തിയിരുന്നു. പുണെയിലും ഝാർഖണ്ഡിലുമൊക്കെ സ്വത്തുക്കള്‍ കണ്ടെത്തി മരവിപ്പിച്ചിരുന്നു.

 

ക്രിപ്‌റ്റോ കറൻസി ഇടപാടുകളിലൂടെ വൻതുക ഹൈറിച്ച്‌ പ്രമോട്ടർമാർ സമ്ബാദിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അംഗത്വ ഫീസ് ഇനത്തില്‍ മാത്രം പ്രതികള്‍ 1500 കോടി രൂപ ഇടപാടുകാരില്‍നിന്ന് വാങ്ങിയെടുത്തെന്നും ഇതില്‍നിന്ന്‌ 250 കോടി രൂപ പ്രമോട്ടർമാരായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീനയും ചേർന്ന് തട്ടിയെന്നും ഇ.ഡി വിലയിരുത്തുന്നു. ഓണ്‍ലൈൻ പ്ലാറ്റ്ഫോമിലൂടെ മള്‍ട്ടിലെവല്‍ മാർക്കറ്റിങ് രീതിയില്‍ ഇടപാടുകാരെ സൃഷ്ടിച്ചായിരുന്നു ഹൈറിച്ച്‌ പ്രവർത്തനം. പുതിയ ഇടപാടുകാരെ ചേർക്കുന്നവർക്ക് കമീഷൻ വാഗ്ദാനം ചെയ്തിരുന്നു.

Comments are closed.