ആനന്ദ യാത്രയുടെ സന്തോഷവുമായി കീഴുപറമ്പ് രണ്ടാം വാർഡ് വയോജന ഉല്ലാസയാത്ര

കീഴുപറമ്പ്: യാത്ര പുറപ്പെട്ട പലർക്കും ഇത് ജീവിതത്തിലെ ആദ്യ അനുഭവം, നാളിതുവരെ ട്രെയിനിൽ കയറാത്തവർ, ബോട്ട് യാത്ര നടത്താത്തവർ, ബീച്ച് കാണാത്തവർ, ഇതെല്ലാം കണ്ടതിന്റെയും ആസ്വദിച്ചതിന്റെയും സന്തോഷം അവരുടെ മുഖത്ത് പ്രകടമായിരുന്നു.

ഒറ്റപ്പെടലിന്റെയും വാർദ്ധക്യത്തിന്റെയും നീരസമില്ലാതെ കളിച്ചും ചിരിച്ചും പാട്ടുപാടിയും നൃത്തം ചെയ്തും അവർ ഉല്ലസിച്ചു സമയം ചിലവഴിച്ചു. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ നിന്നും വാർഡ് മെമ്പർ പി.കെ മുഹമ്മദ് അസ്‌ലമിന്റെ നേതൃത്വത്തിലാണ് വാർഡിലെ എഴുപത് വയസ്സ് കഴിഞ്ഞ അമ്പതോളം വയോജനങ്ങളെയും കൂട്ടി കോഴിക്കോട്ടെ പ്രധാന കേന്ദ്രങ്ങളിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചത്.

വാർഡിൽ പലരും ഇതുവരെ ഒരു വിനോദയാത്ര പോവാത്തവരും ബോട്ടിലോ, ട്രെയിനിലോ കയറാത്തവരുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്ന് വാർഡ് മെമ്പർ തന്നെ ഇതിനു മുന്നിട്ടിറങ്ങുകയായിരുന്നു. ഒരിക്കലും കാണാൻ സാധിക്കില്ലെന്ന് കരുതിയ കാര്യങ്ങൾ ഒരേ പ്രായത്തിലുള്ളവർക്ക് ഒരുമിച്ച് കാണാൻ സാധിച്ചതിന്റെ സന്തോഷം പ്രകടമായിരുന്നു ഓരോരുത്തരുടെ മുഖത്തും. പ്രായത്തിന്റെ അവശതകൾ ബാധിക്കുമെന്ന് കരുതിയെങ്കിലും അതൊന്നും അറിഞ്ഞത് പോലുമില്ലെന്നായിരുന്നു യാത്രയിൽ.

വയോജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ഇനിയും കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുമെന്നും വാർഡ് മെമ്പർ പി.കെ മുഹമ്മദ് അസ്‌ലം പറഞ്ഞു. അഫ്സൽ ബാബു എം.കെ, മുജീബ് എം.സി, വി.അബൂബക്കർ, അഹമ്മദ് നിസാർ.വി, രാധാമണി, മർസീന, സുഹറ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.

Comments are closed.