മലപ്പുറം: ചെറിയ ഒരു മഴയെങ്കിലും പെയ്താൽ ഈ കൊടുംചൂടിന് അൽപ്പമെങ്കിലും ആശ്വാസമാകുമെന്ന ചിന്തയിലാണ് നാട്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ അന്തരീക്ഷത്തിൽ ചൂട് വർദ്ധിച്ചിട്ടുണ്ട്. കിണറുകളിലെയും മറ്റ് ജലസ്രോതസ്സുകളിലെയും ജലനിരപ്പിൽ മുൻ വർഷങ്ങളിലൊന്നും ഇല്ലാത്ത വിധത്തിൽ വലിയ കുറവുണ്ട്. കൊടുംവേനലും ജലക്ഷാമവും കൂടിയാവുന്നതോടെ നാട് വലിയ പ്രതിസന്ധിയിലാവുമോ എന്ന ആശങ്കകൾക്കിടെ അൽപ്പം ആശ്വാസ തണുപ്പേകുന്ന വിവരങ്ങളാണ് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ വകുപ്പിന്റേത്.
അടുത്ത ആഴ്ചയോടെ ജില്ലയിൽ മഴയ്ക്കുള്ള സാദ്ധ്യത പ്രവചിക്കുകയാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അധികൃതർ. ഈ മാസം 15ന് ജില്ലയിൽ മഴ എത്തിയേക്കുമെന്നാണ് പ്രവചനം. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നേരിയ മഴയ്ക്കുള്ള സാദ്ധ്യത പ്രവചിച്ചിട്ടുണ്ട്. നാളെ നാല് തെക്കൻ ജില്ലകളിൽ കൂടി മഴയുണ്ടാവും. മുൻവർഷങ്ങളിൽ വേനൽമഴയാണ് ചൂട് കടുത്തപ്പോൾ ആശ്വാസമേകിയിരുന്നത്. തീർത്തും മാറി നിന്ന് മഴ ജില്ലയിൽ ജനുവരി ഒന്ന് മുതൽ ഇന്നലെ വരെ 2.5 മില്ലീമീറ്റർ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ ഇക്കാലയളവിൽ മഴ പൂർണ്ണമായും മാറിനിന്നു. സമീപകാലത്ത് മഴ തീർത്തും മാറിനിന്നത് ഈ വർഷത്തിലാണ്.
ഇന്നലെ ജില്ലയിൽ 31 മുതൽ 34 ഡിഗ്രി വരെ ചൂട് ഉയർന്നു. രാവിലെ എട്ടോടെ തന്നെ കനക്കുന്ന ചൂട് പിന്നെ താങ്ങാനാവാത്ത സ്ഥിതിയിലേക്ക് എത്തുന്നുണ്ട്. രാവിലെ 11നും ഉച്ചയ്ക്ക് മൂന്നിനും ഇടയിൽ തുടർച്ചയായി വെയിലേൽക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.
Comments are closed.