സഹലയും പിതാവും സൈക്കിളിലേറി കണ്ടു കേരളം; ദിവസം ഏകദേശം 45 കിലോമീറ്റര്‍; ആകെ സഞ്ചരിച്ചത് 1,370 കിലോമീറ്റർ..!

അരീക്കോട്: കേരളം ചുറ്റിക്കറങ്ങാന്‍ സൈക്കിളില്‍ ഇറങ്ങിയ പിതാവും മകളും യാത്ര പൂര്‍ത്തിയാക്കി ജന്മനാട്ടിലേക്ക് തിരിച്ചെത്തി. ഫെബ്രുവരി 13നാണ് 14 ജില്ലകളെയും അടുത്തറിയാന്‍ അരീക്കോട്ടുനിന്ന് സൈക്കിളിൽ തച്ചണ്ണ സ്വദേശിനി സഹല പരപ്പനും പിതാവ് സക്കീര്‍ ഹുസൈനും യാത്ര തിരിച്ചത്. 1,370 കിലോമീറ്ററാണ് ഇരുവരും സൈക്കിളില്‍ താണ്ടിയത്.

തിങ്കളാഴ്ചയാണ് തിരുവനന്തപുരത്ത് എത്തിയത്. അരീക്കോടുനിന്ന് ആരംഭിച്ച യാത്ര വയനാട് ചുരം വഴി വയനാട്ടിലേക്ക് പ്രവേശിച്ചു. ഇവിടെനിന്ന് പാല്‍ചൂരം വഴി കണ്ണൂരിലൂടെ കാസര്‍ക്കോട് എത്തി. ഇവിടെനിന്ന് കേരളത്തിലെ ഓരോ ജില്ലയെയും അടുത്തറിഞ്ഞ് ഒരുമാസം കൊണ്ടാണ് സഹലയും പിതാവും തിരുവനന്തപുരത്ത് എത്തി യാത്ര പൂര്‍ത്തിയാക്കിയത്.

പകല്‍ സമയങ്ങളില്‍ പരമാവധി യാത്ര നടത്തി. സൗഹൃദത്തിലൂടെ കണ്ടെത്തുന്ന ഇടങ്ങളിലായിരുന്നു അന്തിയുറക്കം. ഇങ്ങനെ വളരെ ചുരുങ്ങിയ പണം കൊണ്ടാണ് ഞങ്ങളുടെ യാത്ര പൂര്‍ത്തിയാക്കിയതെന്ന് സഹല പറയുന്നു. 14 ജില്ലകളില്‍നിന്ന് വ്യത്യസ്ത അനുഭവങ്ങളാണ് ലഭിച്ചത്. ഇതുതന്നെയായിരുന്നു ഞങ്ങളുടെ യാത്രയുടെ ലക്ഷ്യമെന്ന് പിതാവ് സക്കീറും പറയുന്നു.

കനത്ത ചൂട് വകവക്കാതെ ദിവസവും ഏകദേശം 45 കിലോമീറ്റര്‍ സഞ്ചരിച്ചാണ് കേരള യാത്ര പൂര്‍ത്തിയാക്കിയത്. ചൂടിനുപുറമേ ദേശീയപാത നിര്‍മാണവും യാത്രക്ക് വലിയ ബുദ്ധിമുട്ടാക്കി. കുറുക്കുവഴികളെയാണ് പലപ്പോഴും ആശ്രയിച്ചത്. ഒരുവര്‍ഷം മമ്പ് സഹല കേരളത്തില്‍നിന്ന് സുഹൃത്തുക്കളുമൊത്ത് സൈക്കിളില്‍ കാശ്മീരില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടല്‍ തൊഴിലാളിയായ പിതാവുമായി കേരളം മുഴുവന്‍ സൈക്കിളില്‍ ചുറ്റിക്കറങ്ങി മറ്റൊരു യാത്രകൂടി പൂര്‍ത്തിയാക്കിയത്.

‘യാത്രയില്‍ ഞങ്ങളെ ഒരുപാട് ആളുകള്‍ സഹായിച്ചിട്ടുണ്ട്. എല്ലാവരോടും ഈ അവസരത്തില്‍ നന്ദി പറയുന്നു. ഇതിലൊന്നും എന്‍റെ യാത്രയോടുള്ള പ്രണയം അവസാനിക്കുന്നില്ല’- സഹല പറഞ്ഞു.

അതേസമയം, തിരുവനന്തപുരത്തെത്തിയ ഇരുവര്‍ക്കും വലിയ സ്വീകരണമാണ് ലഭിച്ചത്. നിയമസഭയിലെത്തി പ്രത്യേക ഇരിപ്പിടത്തിൽ സമ്മേളനം കാണാനും ഇരുവര്‍ക്കും സാധിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, നജീബ് കാന്തപുരം എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ ഇരുവര്‍ക്കും അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരുന്നു. മൂര്‍ക്കനാട് സ്വദേശി മശ്ഹൂര്‍ ഷാനാണ് സഹലയുടെ ഭര്‍ത്താവ്.

Comments are closed.