തിരുവനന്തപുരം: സാമ്പത്തികവർഷം തീരാൻ രണ്ടാഴ്ച ശേഷിക്കേ, വർഷാന്ത്യ ചെലവുകൾക്ക് 22000 കോടി രൂപ കണ്ടെത്താൻ സർക്കാരിന്റെ നൊട്ടോട്ടം. പകുതിത്തുക കണ്ടെത്തിയെന്നാണ് സൂചന. കേന്ദ്ര നികുതിവിഹിതത്തിന്റെ പതിനാലാമത് ഗഡുവായി 2705 കോടി രൂപ കിട്ടി. അടിയന്തര ചെലവുകൾക്കായി 1,500 കോടി രൂപ ഉടൻ കടമെടുക്കും. 6,000 കോടി നികുതി വരുമാനവും 500 കോടി നികുതിയിതര വരുമാനവും കടമെടുക്കുന്ന 937 കോടിയും മറ്റെല്ലാ വരുമാനങ്ങളും ചേർത്ത് 13,000 കോടി രൂപയോളമാണ് ലഭ്യമായത്.
ട്രഷറിയിൽ പത്തുലക്ഷത്തിലധികമുള്ള ബില്ലുകൾ മാറികൊടുക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളിൽ ചെലവഴിക്കാത്ത വികസനഫണ്ട് ട്രഷറിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഈ മാസം സർക്കാർ ജീവനക്കാർക്കുള്ള ശമ്പളവും വിരമിച്ചവർക്കുള്ള പെൻഷനും കൊടുക്കാൻ 4,500 കോടി രൂപ ചെലവിട്ടു കഴിഞ്ഞപ്പോൾ ഖജനാവ് കടുത്ത ഞെരുക്കത്തിലായി. സംസ്ഥാന പദ്ധതി വിഹിതത്തിൽ 67 ശതമാനം തുകയാണ് ചെലവിടാൻ കഴിഞ്ഞത്. 22,322 കോടിയാണു സംസ്ഥാന പദ്ധതികളുടെ ആകെ അടങ്കൽ ത്തുക. ഇതിൽ 7700 കോടിയാണ് ഇനി ചെലവിടാനുള്ളത്. പൊതുമരാമത്ത് കരാറുകാർക്കു മാത്രം കുടിശിക 16000 കോടി കൊടുക്കാനുണ്ട്. സാമൂഹ്യക്ഷേമപെൻഷൻ കുടിശിക 2400 കോടിയിലെത്തി.
വായ്പയെടുക്കുന്നതിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കർശന നിയന്ത്രണവും ജി.എസ്.ടി. നഷ്ടപരിഹാരം കിട്ടാതായതുമാണ് സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിലാക്കിയത്. ട്രഷറി നിയന്ത്രണത്തിന് പുറമെ മറ്റ് ചെലവുകളിലും കടുത്ത നിയന്ത്രണമാണ്. കെ.എസ്.ആർ.ടി.സിക്ക് സർക്കാർ സഹായം നിലച്ചതോടെ ശമ്പളം കൊടുക്കാനാവാത്ത സ്ഥിതിയായി. കെ.എസ്.ഇ.ബി.യിൽ പെറ്റി കരാറുകാർക്ക് കഴിഞ്ഞ ആഗസ്റ്റുമുതൽ ബില്ലുമാറി കൊടുത്തിട്ടില്ല. ഇതുമൂലം 4500ഓളം തൊഴിലാളികൾക്ക് കൂലികിട്ടാത്ത സ്ഥിതിയാണ്.
വിദ്യാഭ്യാസവകുപ്പിൽ ആറായിരത്തോളം അദ്ധ്യാപകനിയമനത്തിന് നൽകിയ ശുപാർശ സാമ്പത്തിക പ്രതിസന്ധി മൂലം ധനവകുപ്പ് തടഞ്ഞുവെച്ചിരിക്കുകയാണ്. അടുത്ത അദ്ധ്യയനവർഷത്തിന് മുമ്പ് 1500 അദ്ധ്യാപകരയെങ്കിലും നിയമിക്കേണ്ടതുണ്ട്. കേന്ദ്രസർക്കാർ സമീപനത്തിൽ മാറ്റമുണ്ടായില്ലെങ്കിൽ പുതിയ സാമ്പത്തിക വർഷത്തിലും സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിൽ വലയും.
Comments are closed.