വാഴക്കാട് : വാഴക്കാടൻ ശൈലിയിൽ പ്രവചനം നടത്തി ഫുട്‌ബാൾ ലോകത്തെ വിസ്മയിപ്പിച്ച സുബൈറിന്റെ ഏറെക്കാലത്തെ വീട് എന്ന സ്വപ്നം ഈ വരുന്ന 19ന് യാഥാർത്ഥ്യമാവുകയാണ്. വീടിന്റെ ഗൃഹപ്രവേശം നടത്തുന്നതിനുള്ള അവസാനഘട്ട മിനുക്ക് പണികൾ നടന്നുവരുന്നു. സ്റ്റാർ ട്രാവൽസ് ഉടമയും പയ്യന്നൂർ സ്വദേശിയുമായ അഫി അഹമ്മദ് പിതാവായ യു.പി.സി അഹമ്മദ് ഹാജിയുടെ ഓർമ്മയ്ക്കായി നിർമ്മിച്ച വീടിന് യു.പി.സി വില്ല എന്നാണ് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ഖത്തർ ലോകകപ്പോടെയാണ് സുബൈർ നാട്ടിലെ താരമായത്. വീട് പൂർണ്ണമായി പൊളിച്ചുമാറ്റിയാണ് പുതിയ വീടിന്റെ നിർമ്മാണം. വീടിന്റെ ചുമർ മുഴുവൻ അർജന്റീനിയൻ മയവും വീടിന് മുകളിൽ മെസ്സിയുടെ ജേഴ്സിയും ഫുട്‌ബാളും. ഇതാണ് വീടിന്റെ മാതൃക.
സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വൈറലായ സുബൈറിന്റെ കളി പറച്ചിലാണ് അഫിയുമായുള്ള ബന്ധത്തിന് കാരണമായത്. ഖത്തർ ലോകകപ്പ് കാണാനുള്ള എല്ലാ ചെലവുകളും വഹിക്കാമെന്ന് അഫിയുടെ വാഗ്ദാനം വീട്ടിൽ പ്രായമായ പിതൃ സഹോദരിമാരുടെ സംരക്ഷണച്ചുമതലയുള്ളതിനാൽ സ്‌നേഹപൂർവ്വം സുബൈർ നിരസിക്കുകയായിരുന്നു. എന്നാൽ അർജന്റീനയുടെ കട്ട ഫാനായ സുബൈർ ലോകകപ്പിനിടെ മത്സരങ്ങൾ അവലോകനം ചെയ്തും പ്രവചിച്ചും കമന്ററി പറഞ്ഞും സോഷ്യൽ മീഡിയയിൽ സ്റ്റാറായും തിളങ്ങി നിൽക്കുമ്പോഴും സുരക്ഷിതമായ വീടെന്ന സ്വപ്നം അകലെയായിരുന്നു. അങ്ങനെയിരിക്കെയാണ് സുബൈറിന്റെ കാലപ്പഴക്കമുള്ള വീട് കണ്ട് പുതിയ വീട് നിർമ്മിക്കാൻ സഹായിക്കാമെന്ന് അഫി തീരുമാനമറിയിച്ചത്. തുടർന്നാണ് വീടുപണിയുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്.
ഒന്നാംഘട്ട നിർമ്മാണത്തിനുള്ള തുക ജനുവരിയിൽ തന്നെ കൈമാറിയിരുന്നു. അഭിയുടെ നിരന്തരമായ ഇടപെടലിലൂടെ റെക്കാഡ് വേഗത്തിൽ വീടിന്റെ നിർമ്മാണം അവസാനഘട്ടത്തിലേക്ക് എത്തുകയും ചെയ്തു . സുബൈറിന്റെ വീടിന്റെ ഗൃഹപ്രവേശം ആഘോഷമാക്കാനുള്ള തിരക്കിലാണ് നാട്ടുകാരും ബന്ധുക്കളും. 70 ദിവസം കൊണ്ട് വീട് പൂർത്തീകരിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അഭി പറഞ്ഞു. എൻജിനീയർ സഫീറിന്റെ ജെംസ്റ്റോൺ എന്ന കമ്പനിയാണ് രൂപകൽപ്പനയും നിർമ്മാണവും നടത്തിയത്. വാഴക്കാട് ഗ്രാമപഞ്ചായത്ത് വാർഡംഗങ്ങളായ എം.കെ. നൗഷാദ് അബ്ദുല്ലലി, വാർഡംഗം സെമിനാ സലീം എന്നിവരുടെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപീകരിച്ച് 19ലെ ചടങ്ങ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
Comments are closed.