കരിപ്പൂരിലെ റൺവേ റീ കാർപറ്റിങ്; ഒന്നാംഘട്ടം പൂർത്തിയായി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ റീ കാർപറ്റിങ് ജോലികളുടെ ഒന്നാംഘട്ടം പൂർത്തിയായി. 3 പാളികളായാണു ബലപ്പെടുത്തൽ നടത്തുന്നത്. അവയിൽ ആദ്യപാളിയുടെ പ്രവൃത്തിയാണു പൂർത്തിയായത്.ജനുവരിയിൽ തുടങ്ങിയ ജോലി മേയ് മാസത്തോടെ പൂർത്തിയാക്കാനാകുമെന്നാണു പ്രതീക്ഷയെന്നു കമ്പനി അധികൃതരും എയർപോർട്ട് അധികൃതരും അറിയിച്ചു.

ഹജ് യാത്രയ്ക്ക് കോഴിക്കോട് വിമാനത്താവളത്തെ ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്. മേയ് അവസാന വാരത്തിലാണ് ഹജ് വിമാന സർവീസുകൾ ആരംഭിക്കുക. അതിനു മുൻപായി ജോലികൾ പൂർത്തിയാക്കാനാണു ശ്രമം.ഡൽഹി ആസ്ഥാനമായുള്ള എൻഎസ്‌സി പ്രോജക്ട് ലിമിറ്റഡ് എന്ന കമ്പനിയാണ് 56 കോടി രൂപയ്ക്ക് കരാർ എടുത്തിട്ടുള്ളത്. രണ്ടാം പാളിയുടെ പണി തുടങ്ങിയതായും ധൃതഗതിയിൽ പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു.

കാർപറ്റിങ്ങിന്  എതിരെ പരാതി

ഇപ്പോൾ റൺവേ ബലപ്പെടുത്തൽ നടത്തുന്നത് ആദ്യത്തെ വിള്ളൽ തീർക്കാതെയാണെന്ന് ആക്ഷേപം. 2017ൽ റീ കാർപറ്റിങ് പൂർത്തിയാക്കിയ റൺവേയിൽ വീണ്ടും വിള്ളൽ കണ്ടെത്തിയിരുന്നുവെന്നും അതിന്റെ പ്രശ്നം പൂർണമായും പരിഹരിക്കാതെയാണു വീണ്ടും റീ കാർപറ്റിങ് നടത്തുന്നത് എന്നുമാണ് ആക്ഷേപം. ഇക്കാര്യങ്ങൾ വിശദമായി ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർക്കു പരാതി നൽകിയതായി മലബാർ ഡവലപ്മെന്റ് ഫോറം പ്രസിഡന്റ് കെ.എം.ബഷീർ പറഞ്ഞു. അതേസമയം റീ കാർപറ്റിങ് സംബന്ധിച്ച ആക്ഷേപങ്ങളിൽ കഴമ്പില്ലെന്ന് അധികൃതർ അറിയിച്ചു.

Comments are closed.