എന്റെ ജീവിതത്തിന്റെ ലക്ഷ്യം തന്നെ മഹാഭാരതമാണ്; എന്റെ സ്വപ്ന പദ്ധതി: രാജമൗലി മഹാഭാരതം ഒരുക്കുന്നത് 10 ഭാഗങ്ങളിൽ

ഇന്ത്യൻ സിനിമയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച സംവിധായകൻ എസ്.എസ് രാജമൗലിയുടെ സ്വപ്ന പദ്ധതി എന്ന് പറയുന്നത് മഹാഭാരതം ആണ്. തനിക്ക് മഹാഭാരതം സിനിമയാക്കാൻ കഴിഞ്ഞാൽ, അതിനോട് പൂർണ നീതി പുലർത്തുമെന്ന് രാജമൗലി പറയുന്നു. ചിത്രത്തെ10 ഭാഗങ്ങളുള്ള സിനിമയാക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളും ഉപകഥകളും തത്ത്വചിന്താപരമായ ആശയങ്ങളുമുള്ള ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ ഇതിഹാസങ്ങളിലൊന്നാണ് ‘മഹാഭാരതം’. ഇത് സിനിമയാക്കുന്നതിലുള്ള പണിപ്പുരയിലിരിക്കുകയാണ് രാജമൗലി. തിരക്കഥ എഴുതി പൂർത്തിയാക്കിയതിന് ശേഷം മാത്രമേ കാസ്റ്റിംഗിനെ കുറിച്ചു ചിന്തിക്കൂ എന്നാണ് സംവിധായകൻ പറഞ്ഞിരിക്കുന്നത്. രാജ്യത്ത് നിലവിൽ ലഭ്യമായ ‘മഹാഭാരത’ത്തിന്റെ എല്ലാ പതിപ്പുകളും വായിക്കാൻ തനിക്ക് ഒരു വർഷമെങ്കിലും വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘എന്റെ ജീവിതത്തിന്റെ ലക്ഷ്യമാണ് ഇങ്ങനെയൊരു ചിത്രം. അതിനായി ഇനിയും സഞ്ചരിക്കേണ്ടതുണ്ട്’, രാജമൗലി പറഞ്ഞു. അതേസമയം മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന രാജമൗലിയുടെ 29-ാം ചിത്രം പ്രഖ്യാപിച്ചിരുന്നു. നായക കഥാപാത്രത്തെ ഹനുമാനിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കുകയാണെന്നാണ് റിപ്പോർട്ട്. ‘എസ്എസ്എംബി 29’ എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്.

Comments are closed.