കണ്ണിൽ വിറകു കഷണം കൊണ്ടു, മകന്റെ ജീവിതത്തിലെ വെളിച്ചം കെടാതിരിക്കാൻ കാൻസർ ബാധിതയായ അമ്മയുടെ നെട്ടോട്ടം: വേണം കനിവ്
കാഴ്ച നഷ്ടപ്പെട്ട മകൻ, അർബുദത്തിന്റെ പിടിയിലായ അമ്മ. വേദനകളുടെ നിലയില്ലാക്കയത്തിലിരുന്ന് നന്മവറ്റാത്ത ഹൃദയങ്ങളുടെ സഹായം തേടുകയാണ് അവർ. രക്താർബുദം പകുത്തു നൽകിയ വേദനകളും പേറി ജീവിതം മുന്നോട്ടു കൊണ്ടു പോകുകയായിരുന്നു സൗമ്യയെന്ന അമ്മ. ആ വലിയ പരീക്ഷണം എങ്ങനെ നേരിടുമെന്നോർത്ത് പകച്ചു നിൽക്കുമ്പോഴാണ് മറ്റൊരു വലിയ വേദന കൂടി എത്തുന്നത്. വീട്ടുജോലിയിൽ അമ്മ സൗമ്യയെ സഹായിക്കുന്നതിനിടെ ബാലഭാരതിയെന്ന 11 വയസുകാരന്റെ വലതുകണ്ണിൽ വിറകുകഷണം കൊണ്ട് ഗുരുതരമായി പരുക്കേറ്റു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന ആ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ആ ഇരട്ടി പരീക്ഷണം. തമിഴ്നാട്ടിൽനിന്നും ജോലി തേടി കേരളത്തിലെത്തിയ ഈ കുടുംബത്തിൽ അമ്മയും രണ്ടു ചെറിയ കുട്ടികളും മാത്രമേയുള്ളൂ. ഭാര്യയുടെ രോഗവിവരം അറിഞ്ഞ മദ്യപനായ ഭർത്താവ് ഇവരെ ഉപേക്ഷിച്ചുപോയതോടെ അന്യനാട്ടിൽ അനാഥരായി കഴിയുകയാണ് ഈ കുടുംബം. പ്രതീക്ഷകൾ ഓരോന്നോരോന്നായി അസ്തമിക്കവേ കരുണവറ്റാത്ത ഹൃദയങ്ങളിലേക്കാണ് ഇവർ പ്രതീക്ഷയോടെ നോക്കുന്നത്. താങ്ങാനാകാത്ത ചികിത്സ ചിലവുൾപ്പെടെയുള്ള ജീവിത പ്രശ്നങ്ങളിൽ നന്മമനസുകള്‍ കൈത്താങ്ങാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.
ബാലഭാരതിക്കും അമ്മ സൗമ്യക്കും വേണ്ടി സഹായം അഭ്യർഥിച്ചു കൊണ്ട് മാധ്യമ പ്രവർത്തകയായ വന്ദന വിശാൽ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ് ചുവടെ വായിക്കാം:
കാഴ്ച നഷ്ടപ്പെട്ട മകനും അർബുദത്തിന്റെ പിടിയിലായ അമ്മയും സുമനസ്സുകളുടെ സഹായം തേടുന്നു വീട്ടുജോലിയിൽ അമ്മയെ സഹായിക്കുന്നതിനിടെ വലതുകണ്ണിൽ വിറകുകഷണം കൊണ്ട് ഗുരുതരമായി പരുക്കേറ്റ ബാലഭാരതി എന്ന 11 വയസ്സുകാരനും രക്താർബുദം ബാധിച്ച അമ്മ സൗമ്യയും (36) സാമ്പത്തികബുദ്ധിമുട്ട് കാരണം അടിയന്തര ചികിത്സയ്ക്കു വഴിയില്ലാതെ വലയുന്നു.
തമിഴ്നാട്ടിൽനിന്നും ജോലി തേടി കേരളത്തിലെത്തിയ ഈ കുടുംബത്തിൽ അമ്മയും രണ്ടു ചെറിയ കുട്ടികളും മാത്രമേയുള്ളൂ. ഭാര്യയുടെ രോഗവിവരം അറിഞ്ഞ മദ്യപനായ ഭർത്താവ് ഇവരെ ഉപേക്ഷിച്ചുപോയതോടെ അന്യനാട്ടിൽ അനാഥരായി കഴിയുകയാണ് ഈ കുടുംബം. രണ്ടു മാസങ്ങൾക്ക് മുമ്പാണ് സൗമ്യക്ക് രക്താർബുദം സ്ഥിരീകരിച്ചത്. പരിചയക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെ സമാഹരിച്ച ചെറിയ തുകയുമായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തുടങ്ങാനിരിക്കെ അശനിപാതം പോലെ ഇളയകുട്ടിക്ക് അപകടം സംഭവിച്ചു. അതോടെ സൗമ്യയുടെ ചികിത്സ മുടങ്ങി. കുട്ടിയുടെ ഇടതുകണ്ണിന്റെ ലെൻസിന് കാര്യമായ തകരാറ് സംഭവിച്ചിട്ടുള്ളതിനാൽ അടിയന്തര ശസ്ത്രക്രിയ ചെയ്തില്ലെങ്കിൽ കാഴ്ചശക്തി പൂർണമായും നഷ്ടപ്പെടും എന്നാണ് ഡോക്ടർമാർ പറയുന്നത്.
കഴിഞ്ഞ വർഷം സ്കൂളിൽ വീണുണ്ടായ അപകടത്തെ തുടർന്ന് മുൻപു തന്നെ കുട്ടിയുടെ ഇരു കണ്ണുകളുടെയും കാഴ്ച ശക്തിക്ക് സാരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കുട്ടിയെ തിരുനെൽവേലിയിലെ അരവിന്ദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ തുക കൈവശമില്ലാത്തതിനാൽ മടങ്ങുകയായിരുന്നു. സൗമ്യയുടെ ചികിത്സ ആരംഭിക്കാനായി കരുതിയിരുന്ന ചെറിയ തുക ഉപയോഗിച്ചാണ് ഇതുവരെ കുട്ടിയുടെ പരിശോധനകളും ചികിത്സയും നടത്തിയത്. പക്ഷേ, ശസ്ത്രക്രിയയ്ക്ക് ആവശ്യമായ 35,000 രൂപ ഈ പാവപ്പെട്ട കുടുംബത്തെ സംബന്ധിച്ചിടത്തോളം ഒരിക്കലും ഒറ്റയ്ക്ക് കൈയെത്തിപ്പിടിക്കാനാവാത്ത സംഖ്യയാണ്.
രണ്ടാഴ്ചയ്ക്കുള്ളിൽ ശസ്ത്രക്രിയ ചെയ്തില്ലെങ്കിൽ കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയായി വളരേണ്ട ഈ കുഞ്ഞിന് എന്നെന്നേക്കുമായി ഒരു കണ്ണ് നഷ്ടപ്പെടും. മാത്രമല്ല, ചികിത്സ ഇനിയും വൈകിയാൽ അമ്മ സൗമ്യയുടെ ജീവൻ അപകടത്തിലാകുമെന്ന ഭയവും ഈ കുടുംബത്തെ ഭീതിയിലാഴ്ത്തുന്നു. രണ്ടുപേരുടെയും ചികിത്സയ്ക്ക് വേണ്ടിവരുന്ന തുക ഈ കുടുംബത്തിനു ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ഈ സാഹചര്യത്തിൽ സുമനസ്സുകളുടെ സഹായത്തിനു മാത്രമേ ഇവരെ ജീവിതത്തിലേക്കു കൈപിടിച്ചുകയറ്റാൻ കഴിയൂ.
Comments are closed.