ഐ.പി.എല്‍ ഫൈനലില്‍ ധോണിയെ വിലക്കുമോ?; ആരാധകര്‍ ആശങ്കയില്‍

ഐപിഎല്‍ 2023 ലെ ക്വാളിഫയര്‍ 1 ജിടിയ്ക്കെതിരായ മത്സരത്തിനിടെ അമ്പയര്‍മാരുമായി തര്‍ക്കിച്ച് മനഃപൂര്‍വം സമയം പാഴാക്കിയതിന് സിഎസ്‌കെ നായകന്‍ എംഎസ് ധോണിയ്ക്ക് വിലക്ക് ലഭിക്കുമോ എന്ന് ആശങ്ക. നേരത്തെ കുറഞ്ഞ ഓവര്‍ നിരക്കിന് ഒരു തവണ പിഴ ചുമത്തപ്പെട്ട ധോണിക്ക് മെയ് 28 ന് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഐപിഎല്‍ ഫൈനല്‍ കളിക്കാനാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

ഇന്നിംഗ്സിന്റെ 16-ാം ഓവറിനിടെ രണ്ടാം ഓവര്‍ എറിയാന്‍ മതീശ പതിരണയെ അനുവദിക്കാതിരുന്നതാണ് സംഭവം. ലങ്കന്‍ പേസര്‍ ഒമ്പത് മിനിറ്റ് ഇടവേള എടുത്ത് കളത്തിന് പുറത്തായിരുന്നു. അദ്ദേഹം ബൗള്‍ ചെയ്യാന്‍ മടങ്ങിയെത്തിയപ്പോള്‍, ഇടവേളയ്ക്ക് ശേഷം ഫീല്‍ഡില്‍ നിശ്ചിത സമയം പൂര്‍ത്തിയാക്കാത്ത പതിരനയെ കൊണ്ട് ബോള്‍ ചെയ്യിക്കാനാവില്ലെന്ന് അമ്പയര്‍മാര്‍ ധോണിയോട് പറഞ്ഞു. ഇത് ധോണി ചോദ്യം ചെയ്തതോടെയാണ് മത്സരം അഞ്ച് മിനിറ്റോളം വൈകിയത്.

ധോണിയുടെ നീക്കത്തില്‍ കമന്ററി ബോക്‌സിലുണ്ടായിരുന്ന സുനില്‍ ഗവാസ്‌കറും സൈമണ്‍ ഡൗളിയും നീരസം വ്യക്തമാക്കിയിരുന്നു. ‘അമ്പയര്‍മാരുമായി അദ്ദേഹം നടത്തിയ 5 മിനിറ്റ് തര്‍ക്കം അനാവശ്യമായിരുന്നു. മറ്റൊരു ബോളറെ ബോള്‍ ചെയ്യാന്‍ അനുവദിക്കുന്നതിനുപകരം കളി സ്തംഭിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. മത്സരത്തിനൊടുവില്‍ അദ്ദേഹം പശ്ചാത്തപിക്കേണ്ടി വന്നേക്കാം’ സൈമണ്‍ ഡൗള്‍ പറഞ്ഞു.

അനാവശ്യ കാലതാമസം വരുത്തിയതിന് അമ്പയര്‍ ധോണിക്കെതിരെ നടപടിയെടുക്കുമോ എന്ന് വ്യക്തമല്ല. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, സിഎസ്‌കെ നായകന് പിഴയോ വിലക്കോ ലഭിക്കാം.

Comments are closed.