തിരുവനന്തപുരം: നിതി ആയോഗിന്റെ 2020- 21 വർഷത്തെ വാർഷിക ആരോഗ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്. തമിഴ്‌നാടിനാണ് രണ്ടാം സ്ഥാനം. തെലങ്കാന മൂന്നാമതെത്തി. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിലാണിത്.
വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ 19 എണ്ണമുള്ളപ്പോഴാണ് ആദ്യ 3 സ്ഥാനങ്ങൾ തെക്കേ ഇന്ത്യ നേടിയത്. ഉത്തർപ്രദേശിന് 18-ാം സ്ഥാനമാണ്. തൊട്ടടുത്ത സ്ഥാനമാണ് ബിഹാറിന് (19).
അഞ്ചാമത്തെ സൂചികാ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നത്. അതേസമയം, കഴിഞ്ഞ ഡിസംബറിൽ പുറത്തു വിടേണ്ട കണക്കുകൾ ഔദ്യോഗികമായി നീതി ആയോഗ് പുറത്തുവിട്ടിട്ടില്ല. വർഷംതോറുമുള്ള പുരോഗതിയുടെയും പ്രകടനത്തിന്‍റെയും അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും റാങ്കുകൾ നിശ്ചയിക്കുന്നത്.
ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ത്രിപുര ഒന്നാമതെത്തിയപ്പോൾ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലക്ഷദ്വീപിനാണ് ഒന്നാം സ്ഥാനം.ഡൽഹി എറ്റവും പിന്നിലായി.24 ആരോഗ്യ സൂചകങ്ങൾ ഉൾക്കൊള്ളുന്ന കോമ്പോസിറ്റ് സ്കോറിങ്ങ് രീതി ഉപയോഗിച്ച് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ആരോഗ്യ സൂചിക കണക്കാക്കുന്ന രീതി 2017ലാണ് നിതി ആയോഗ് ആരംഭിച്ചത്. കേന്ദ്ര ആരോഗ്യ– കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെയും ലോക ബാങ്കിന്‍റെയും സഹകരണത്തോടെയാണ് വിലയിരുത്തൽ.
മുൻ വർഷങ്ങളിലും കേരളം തന്നെയായിരുന്നു ഒന്നാമത്.
Comments are closed.