തിരുവനന്തപുരം: വാക്കുതർക്കത്തിനെത്തുടർന്ന് ബി.എസ്.സി വിദ്യാർഥിനിയെ മർദിച്ച കേസിൽ സഹപാഠി അറസ്റ്റിൽ. വെള്ളായണി കാർഷിക കോളെജിലെ അവസാന വർഷ വിദ്യാർഥിനി സീലം ദീപികയെ മർദിച്ച കേസിൽ ആന്ധ്ര സ്വദേശിനിയായ ലോഹിത (22) ആണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം തിരുവല്ലം പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഈ മാസം 18 ന് കോളെജ് ഹോസ്റ്റലിൽ വച്ചാണ് സംഭവം.
ദീപികയുടെ അമ്മയെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഹോസ്റ്റൽ റൂമിൽ വെച്ച് ദീപികയുടെ മൊബൈൽ പിടിച്ചു വാങ്ങിയ ലോഹിത തലയുടെ പലഭാഗങ്ങിലും ഫോൺ ഉപയോഗിച്ച് ഇടിച്ചതായി പരാതിയിൽ പറയുന്നു. ദീപികയെ ബലമായി കസേരയിലിരുത്തി കൈകൾ ഷാൾ ഉപയോഗിച്ച് കെട്ടുകയും, തക്കാളിക്കറി ഉണ്ടാക്കിയ പാത്രം കറിയോടെ എടുത്ത് മുഖത്തൊഴിച്ച് പൊള്ളിക്കാൻ ശ്രമിക്കുകയും ചെയ്തു.
തല വെട്ടിച്ചപ്പോൾ കറി ശരീരത്തിന്‍റെ പലഭാഗത്തും വീണ് ദീപികയ്ക്ക് പൊള്ളലേറ്റു. വലതു കൈത്തണ്ടയിലും മുതുകിലും പൊള്ളലേൽപ്പിക്കുകയും മുളകുപൊടി വിതറുകയും ചെയ്തു. കെട്ടഴിച്ചുവിട്ടപ്പോൾ ഉപദ്രവിക്കരുതെന്ന് യാചിച്ച ദീപികയുടെ മുഖത്ത് ലോഹിത കാൽമടക്കിത്തൊഴിച്ചു. ഈ വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിൽ പറയുന്നു.
ഗുരുതരമായി പരിക്കേറ്റ ദീപിക ചികിത്സയിലാണ്. ഹോസ്റ്റലിൽ നിന്നും വീട്ടിലേക്ക് മടങ്ങിയ ദീപിക പൊള്ളലേറ്റ ചിത്രങ്ങൾ കോളെജ് അധികൃതർക്ക് അയച്ചു നൽകി. ആദ്യം പരാതി നൽകാൻ തയാറാവാത്ത ദീപിക ബന്ധുക്കൾ നിർബന്ധിച്ചതിനെ തുടർന്ന് കോളെജിലെത്ത് പരാതി നൽകി.
തുടർന്ന് കോളെജ് അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കോളെജ് നടത്തിയ അന്വേഷണത്തിൽ പ്രതി ലോഹിതയെ കൂടാതെ മലയാളി സഹപാഠി ജിൻസി, ആന്ധ്രയിൽ നിന്നുള്ള മറ്റൊരു സഹപാഠി നിഖിൽ എന്നിവരെ സസ്പെൻഡ് ചെയ്തു. കാര്യങ്ങൾ അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാത്തതിനെ തുടർന്നാണ് നടപടി.
Comments are closed.