ലോകത്തിലെ ശക്തമായ 100 സൂപ്പർ കമ്പ്യൂട്ടറുകളുടെ പട്ടികയിൽ ഇനി ‘ഐരാവതും’, റാങ്കിംഗ് നില അറിയാം

ലോകത്തിലെ ഏറ്റവും ശക്തമായ 100 സൂപ്പർ കമ്പ്യൂട്ടറുകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഐരാവതും ഇടം നേടി. ജർമ്മനിയിൽ നടന്ന ഇന്റർനാഷണൽ സൂപ്പർ കമ്പ്യൂട്ടിംഗ് കോൺഫറൻസിലാണ് ലോകത്തിലെ ഏറ്റവും മികച്ച സൂപ്പർ കമ്പ്യൂട്ടറുകളുടെ പട്ടിക പുറത്തുവിട്ടത്. പട്ടികയിൽ 75 -ാം സ്ഥാനമാണ് ഐരാവത് കരസ്ഥമാക്കിയത്. പുനെയിലെ സി-ഡാക്കിൽ ഈ വർഷമാണ് ഐരാവത് ഇൻസ്റ്റാൾ ചെയ്തത്.

നൈറ്റ് വൈബ് ടെക്നോളജീസ് നിർമ്മിച്ച ഐരാവത് ഉബുണ്ടു 20.04.2 എൽടിഎസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 81344 കോർ 2.25 ഗിഗാഹെർട്സ് എഎംഡി എപിക് 7742 64സി പ്രോസസറാണ് നൽകിയിട്ടുള്ളത്. സൂപ്പർ കമ്പ്യൂട്ടറുകളുടെ ലിൻപാക്ക് ബെഞ്ച്മാർക്ക് പ്രകടനം അനുസരിച്ചാണ് പട്ടികയിൽ ഉൾപ്പെടുത്തുക. കമ്പ്യൂട്ടറുകളുടെ പ്രവർത്തനക്ഷമത അളക്കാൻ ഈ മാർഗ്ഗമാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്.

ഇന്ന് ഉപയോഗത്തിലുള്ള വേഗമേറിയ സൂപ്പർ കമ്പ്യൂട്ടറുകളുടെ പട്ടികയാണ് ഇത്തവണ പുറത്തുവിട്ടിരിക്കുന്നത്. 1993 മുതലാണ് ഇത്തരത്തിൽ സൂപ്പർ കമ്പ്യൂട്ടറുകളുടെ പട്ടിക തയ്യാറാക്കിയത്. ഓരോ ആറ് മാസം കൂടുന്തോറും പട്ടിക പരിഷ്കരിക്കാറുണ്ട്. അതേസമയം, അടുത്തിടെ പുറത്തിറക്കിയ ടോപ്പ് 500 ഗ്ലോബൽ സൂപ്പർ കമ്പ്യൂട്ടർ പട്ടികയിൽ 61-ാം സ്ഥാനമാണ് ഐരാവത് നേടിയത്.

Comments are closed.