കൊച്ചി: ഓണ്‍ലൈന്‍ ഇടപാടുകളുടെയും മറ്റും ഒടിപി (വണ്‍-ടൈം പാസ്വേഡ്) ഇനി ഫോണ്‍ നമ്പറില്‍ വരുന്നതും കാത്തിരിക്കണ്ട, പകരം ഇ-മെയില്‍ പരിശോധിക്കേണ്ടി വരും. ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രചാരണത്തിനായും ഒടിപി (വണ്‍-ടൈം പാസ്വേഡ്) നല്‍കാനും മറ്റും കമ്പനികള്‍ ഉപയോക്താക്കള്‍ക്ക് അയക്കുന്ന എസ്എംഎസിന്റെ ഫീസ് ഇന്ത്യന്‍ ടെലികോം കമ്പനികള്‍ 25 ശതമാനം ഉയര്‍ത്തി നാല് രൂപയാക്കിയതാണ് ഇതിനു കാരണം.
എസ്എംഎസ് അയക്കുന്നതിന് ചെലവേറിയതോടെ ഇപ്പോള്‍ നിരവധി കമ്പനികള്‍ ഇ-മെയില്‍ വഴിയാണ് ഒടിപി ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഉപയോക്താക്കള്‍ക്ക് കൈമാറുന്നത്. ആമസോണ്‍, ഗൂഗ്ള്‍, ഊബര്‍, മെറ്റ തുടങ്ങിയ കമ്പനികള്‍ അയക്കുന്ന എസ്എംഎസുകള്‍ക്കും നിലവിലെ നിരക്കു വർധന ബാധകമാണ്. ഇപ്പോൾത്തന്നെ ഉയര്‍ന്ന ഫീസാണ് ഇന്ത്യന്‍ ടെലികോം കമ്പനികള്‍ ഈടാക്കുന്നതെന്ന ആമസോണിന്റെയും ഗൂഗ്ളിന്റെയും മറ്റും വിമര്‍ശനം നിലനിൽക്കെയാണ് വീണ്ടും നിരക്ക് കൂട്ടിയത്. ഈ കമ്പനികളില്‍ നിന്ന് അന്താരാഷ്ട്ര എസ്എംഎസ് നിരക്കാണ് ടെലികോം കമ്പനികള്‍ ഈടാക്കുന്നത്. ആമസോണിന്റെയും മെറ്റയുടെയും മറ്റും സെര്‍വറുകള്‍ സ്ഥിതി ചെയ്യുന്നത് വിദേശത്താണെന്ന് ചൂണ്ടിക്കാട്ടിയാണിത്.
ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രചാരണം, ഒടിപി അയക്കല്‍, ഓര്‍ഡര്‍ ചെയ്യപ്പെട്ട ഉത്പന്നങ്ങളുടെ വിശദാംശങ്ങള്‍ നല്‍കലും ഓര്‍ഡര്‍ ഉറപ്പിക്കലും തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് കമ്പനികള്‍ എസ്എംഎസ് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ഏകദേശം 100 കോടിയിലധികം വാണിജ്യ എസ്എംഎസുകള്‍ പ്രതിദിനം അയക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കമ്പനികള്‍ ഇനി എസ്എംഎസ് ഒഴിവാക്കി, ഉപയോക്താവിന്റെ ഇ-മെയിലിലേക്ക് വിശദാംശങ്ങള്‍ അയക്കുന്നത് വർധിക്കാനാണ് സാധ്യതയെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ചില കമ്പനികള്‍ ഉപയേക്താവിന്റെ വാട്സാപ്പിലേക്കും വിശദാംശങ്ങള്‍ അയക്കുന്നുണ്ട്.
Comments are closed.