കർഷക നേതാക്കൾ ഇടപ്പെട്ടു: മെഡലുകൾ ഒഴുക്കുന്നതിൽ നിന്നും പിന്മാറി ഗുസ്തി താരങ്ങൾ

കർഷക നേതാക്കൾ ഇടപ്പെട്ടു: മെഡലുകൾ ഒഴുക്കുന്നതിൽ നിന്നും പിന്മാറി ഗുസ്തി താരങ്ങൾ

മെഡലുകൾ ഒഴുക്കരിതെന്ന് താരങ്ങളോട് ആവശ്യപ്പെട്ട് കർഷക നേതാക്കൾ സംസാരിച്ചു. ഖാപ് നേതക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. ബ്രിജ് ഭൂഷണെതിരെ 5 ദിവസത്തിനകം നടപടിയെടുക്കണമെന്ന് അന്ത്യശാസനം നൽകി. പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഗുസ്തി താരങ്ങൾ ഇവരോട് പ്രതികരിച്ചത്. കർഷക നേതാക്കൾ ഒപ്പമുണ്ടെന്ന് ഉറപ്പു നൽകിയതിനെ തുടർന്ന് മെഡൽ ഗംഗയിൽ ഒഴുക്കുന്നതിൽ നിന്നും താൽക്കാലികമായി പിന്തിരിയുകയായിരുന്നു.

ഇതിനിടയിൽ മെഡലുകൾ ഒഴുക്കുന്നതിനുള്ള ഗുസ്തി താരങ്ങളുടെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ഗംഗ ആരതി സമതി രംഗത്തെത്തി. ഹർ തി പൗഡി പ്രതിഷേധിക്കാനുള്ള വേദിയല്ലെന്ന് ഗംഗ ആരതി സമതി പ്രഖ്യാപിച്ചു.

താരങ്ങൾക്കു പിന്തുണയുമായി വൻ ജനക്കൂട്ടമാണ് ഇവിടെ തടിച്ചു കൂടിയിരിക്കുന്നത്. മെഡലുകൾ ഒഴുക്കുന്നത് നിയമപരമായി തടയാൻ സാധിക്കില്ലെന്ന് പ്രാദേശിക ഭരണകൂടവും അറിയിച്ചു.

ഒളിമ്പിക് വെങ്കല മെഡൽ ജേതാക്കളായ സാക്ഷി മാലിക്കും ബജ്റംഗ് പൂനിയയും സംഘത്തിലുണ്ട്. അന്തർദേശീയ മെഡലുകൾ നേടിയിട്ടുള്ള വിനേഷ് ഫോഗട്ടും ബന്ധു സംഗീത ഫോഗട്ടും അടക്കമുള്ളവരും ഇവരെ അനുഗമിക്കുന്നു. മെഡലുകൾ നെഞ്ചോടു ചേർത്ത് വാവിട്ടു കരയുകയാണ് പല താരങ്ങളും. ഇവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ച് കുടുംബാംഗങ്ങളും ഒപ്പമുണ്ട്.

അനിൽ കുംബ്ലെ, സുനിൽ ഛേത്രി തുടങ്ങിയ പ്രമുഖർ ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേ സ്ത്രീ പീഡന കേസിൽ നടപടി ആവശ്യപ്പെട്ടാണ് താരങ്ങൾ പ്രതിഷേധിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴു ഗുസ്തി താരങ്ങൾ നൽകിയ പരാതികളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതല്ലാതെ മതിയായ നടപടികളുണ്ടായിട്ടില്ല.

പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ദിവസം അവിടേക്ക് മാർച്ച് നടത്താൻ ശ്രമിച്ച ഗുസ്തി താരങ്ങളെ പൊലീസ് ക്രൂരമായി റോഡിലൂടെ വലിച്ചിഴയ്ക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു

Comments are closed.