സമൂഹ മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ പണി പോകും; ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

സമൂഹ മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ജീവനക്കാര്‍ക്ക് ഇനി കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി.സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളില്‍ ഇനി സൈബര്‍ നിയമങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഭേദഗതി ചെയ്യാന്‍ പോവുകയാണ് സര്‍ക്കാര്‍. ഈ നിര്‍ദേശമുള്‍പ്പെടുന്ന ഫയല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി.

സമൂഹമാധ്യമങ്ങളിലൂടെ ജീവനക്കാര്‍ സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന സ്ഥിതിവിശേഷമുണ്ട്. കഴിഞ്ഞ കുറെ നാളുകളായി ഇത് വളരെ കൂടുതല്‍ ആണ് എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 60 (എ) പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ ഏതെങ്കിലും സംഭാഷണത്തിലൂടെയോ എഴുത്തിലൂടെയോ മറ്റ് രീതിയിലോ സര്‍ക്കാരിന്റെ നയപരിപാടികളെയോ നടപടികളെയോ പൊതുജന മദ്ധ്യത്തിലോ ,കൂട്ടായ്മകളിലോ ചര്‍ച്ച ചെയ്യാനോ വിമര്‍ശിക്കാനോ പാടില്ല എന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

എന്നാല്‍ സമൂഹമാധ്യമങ്ങളിലെ ഇടപടെലുകളെക്കുറിച്ച് ഇതില്‍ ഒന്നും പറയുന്നില്ല. ആ പഴുത് ഉപയോഗിച്ച് പല സര്‍ക്കാര്‍ ജീവനക്കാരും ശിക്ഷാ നടപടികളില്‍ നിന്നും രക്ഷപെടാറുണ്ട്. ഇതില്ലാതാക്കാന്‍ വേണ്ടിയാണ് ഈ നീക്കം. ചീഫ് സെക്രട്ടറി കൈമാറിയ ഫയലിലെ നിര്‍ദേശം മുഖ്യമന്ത്രി അംഗീകരിച്ചാല്‍ ഭേദഗതി നിര്‍ദേശം മന്ത്രിസഭയിലെത്തിയ ശേഷം സബ്ജക്ട് കമ്മിറ്റിയിലെത്തും.അതിന് ശേഷം ചട്ടം ഭേദഗതി ചെയ്യും. പിന്നീട് ജീവനക്കാരെ പിരിച്ചു വിടുന്നതടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാരിനു എളുപ്പത്തില്‍ കടക്കാം. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയുള്ള സര്‍ക്കാര്‍വിരുദ്ധ എഴുത്തുകള്‍ ചട്ടലംഘനമായി കണക്കാക്കുമെന്നു പെരുമാറ്റച്ചട്ടത്തില്‍ പ്രത്യേകം രേഖപ്പെടുത്തും.

 

Comments are closed.