വിപണിയിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ ബുക്കിങ്ങിൽ റെക്കോർഡിട്ട് ട്രയംഫ് സ്പീഡ് 400. ജൂലൈ അഞ്ചിന് വിപണിയിലെത്തിയ വാഹനത്തിന് പതിനായിരത്തിലധികം ബുക്കിങ്ങുകളാണ് ലഭിച്ചിരിക്കുന്നത്. ആദ്യ 10,000 ഉപയോക്താക്കൾക്ക് 2.23 ലക്ഷം രൂപയ്ക്കാണ് വാഹനം ലഭിക്കുക. തുടർന്ന് 2.33 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില വരിക.
ബജാജുമായി സഹകരിച്ചാണ് ട്രയംഫ് തങ്ങളുടെ പുതിയ മോഡലുകൾ പുറത്തിറക്കിയിരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയേറെ ബുക്കിങ്ങുകള്‍ ലഭിച്ചത് വാഹനത്തിന് ലഭിച്ച സ്വീകാര്യതയാണ് തെളിയിക്കുന്നതെന്ന് ബജാജ് അഭിപ്രായപ്പെട്ടു.
‘ലോഞ്ചിന് ശേഷം ലഭിച്ച മികച്ച പ്രതികരണത്തിൽ ഞങ്ങൾ ആവേശഭരിതരാണ്. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ 10,000 ബൈക്കുകളുടെ പ്രീ-ഓർഡർ ലഭിക്കുക എന്നത് അത്ഭുതമാണ്. ബജാജ് ഓട്ടോയിലും ട്രയംഫ് മോട്ടോർസൈക്കിളുകളിലും റൈഡർമാർ അർപ്പിക്കുന്ന വിശ്വാസത്തിന്റെ തെളിവാണിത്,’ ബജാജ് ഓട്ടോ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് എഡിറ്റർ രാകേഷ് ശർമ്മ പറഞ്ഞു. തുടർന്നും ഈ കൂട്ടുക്കെട്ടിൽ മികച്ച വാഹനങ്ങൾ വിപണിയിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രയംഫിന്റെ നിരയിലെ ഏറ്റവും വിലകുറഞ്ഞ മോഡലാണ് സ്പീഡ് 400. രണ്ടാമത്തെ ബൈക്ക് സ്ക്രാംബ്ലർ 400 എക്സിന്റെ വില പിന്നീട് പ്രഖ്യാപിക്കും. 398 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്ത് നൽകുന്നത്. ഈ എഞ്ചിനെ ട്രയംഫ് ടിആർ-സീരീസ് എഞ്ചിൻ എന്ന് വിളിക്കുന്നു. ഡിഒഎച്ച്സി ആർക്കിടെക്ചർ ഫീച്ചർ ചെയ്യുന്നതും 398 സിസി ഡിസ്പ്ലേസ് ചെയ്യുന്നതുമായ ഒരു ലിക്വിഡ്-കൂൾഡ് യൂണിറ്റാണിത്. പവറിന്റെയും ടോർക്കിന്റെയും കാര്യത്തിൽ കെടിഎം 390 ലൈനപ്പിനോട് കിടപിടിക്കാൻ ഈ മോഡലിന് കഴിയും. കെടിഎമ്മിലേത് പോലെ ട്രയംഫിലും 6 സ്പീഡ് ഗിയർബോക്‌സ് ആണുള്ളത്.
എല്‍ഇഡി ലൈറ്റ് സംവിധാനങ്ങളും, റൈഡ് ബൈ വയര്‍ സാങ്കേതിക വിദ്യയും ഡ്യുവല്‍ ചാനല്‍ എബിഎസ്, ഇമോബിലൈസർ, അസിസ്റ്റ് ക്ലച്ച്, യുഎസ്ബി-സി ചാർജിംഗ് പോർട്ട്, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ എന്നിവയും വാഹനത്തിലുണ്ടാകും. ഡാഷിൽ ഒരു വലിയ അനലോഗ് സ്പീഡോമീറ്റർ ഉണ്ട്, അതിനോട് ചേർന്ന് ഒരു ചെറിയ എൽസിഡി സ്ക്രീൻ സ്ഥാപിച്ചിരിക്കുന്നു. സ്ക്രീനിൽ ഡിജിറ്റൽ ടാക്കോമീറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ട്രിപ്പ് ഡാറ്റ, ഫ്യൂവൽ ഗേജ് എന്നിവയ്ക്കുള്ള റീഡ്ഔട്ടുകൾ ഉണ്ട്.
Comments are closed.